ഹേമ ശിവപ്രസാദ്
തിരുവനന്തപുരം :ഇന്ത്യയിൽ 1990കളിൽ തുടങ്ങിയ ടെലിവിഷൻ മാധ്യമങ്ങളുടെ സുവർണ്ണകാലം അവസാനിക്കുകയാണോ? കുറച്ചു കാലമായി നമ്മളുടെ മനസിൽ ഉയരുന്ന സംശയങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ചില സൂചനകൾ ലഭിച്ചു തുടങ്ങുന്നു.
സ്വാതന്ത്ര്യം കിട്ടിയതു മുതൽ ഇന്ത്യൻ ഭരണചക്രത്തെ നിയന്ത്രിക്കുന്നതിൽ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ചില അദൃശ്യ ശക്തികൾക്ക് പങ്കുണ്ടെന്ന പരസ്യമായ രഹസ്യം ആർക്കാണറിയാത്തത്! 90 കൾ മുതൽ ആ ദൗത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് ടെലിവിഷൻ മാധ്യമങ്ങളാണ്. എന്നാൽ മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കും, അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക മാറ്റങ്ങൾക്കും, ഒപ്പം നവ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതിക സംവിധാനങ്ങൾക്കും മുന്നിൽ പരമ്പരാഗത മാധ്യമങ്ങൾക്ക് അടി പതറാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം.
ഈ കൊറോണക്കാലത്തിന്റെ തുടക്കത്തിൽ ഈ സംശയങ്ങൾ ഒന്നുകൂടി ബലപ്പെട്ടു. അതിന് ആക്കം കൂട്ടുന്ന തരത്തിൽ ഇപ്പോൾ എൻ ഡി ടി വി എക്സിക്യുട്ടീവ് എഡിറ്റർ നിധി റസ്ദാന്റെ രാജി വാർത്തയും വന്നിരിക്കുന്നു. ഒരു സ്ഥാപനത്തിൽ തുടരണമോ എന്നുള്ളത് വ്യക്തിപരമായ കാര്യമല്ലേ? രണ്ടിനെയും കൂട്ടിച്ചേർത്തുവായിക്കുന്നത് ശരിയാണോ? ദൃശ്യമാധ്യമങ്ങളുടെ അപ്രമാദിത്വം അവസാനിക്കുന്നതിന്റെ സൂചകങ്ങളായി ചിലരെങ്കിലും ഈ രാജിയെ വിലയിരുത്തുന്നുണ്ട് എന്നതാണ് സത്യം. മാധ്യമ പ്രവർത്തകയിൽ നിന്ന് തികച്ചും സുരക്ഷിതമായ അധ്യാപികയുടെ റോളിലേക്കാണ് നിധിയുടെ കൂടുമാറ്റം.
21 വർഷമായി എൻ ഡി ടി വി യുടെ മുഖമാണ് നിധി റസ്ദാൻ. ചടുലമായ അവതരണം. മുഖത്ത് എപ്പോഴും മായാത്ത ചെറു പുഞ്ചിരി. എൻ ഡി ടി വിയെന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ മനസ്സിൽ ഓടിയെത്തുന്ന മുഖം. വാർത്താ അവതരണത്തിൽ മാത്രമല്ല, റിപ്പോർട്ടിംഗിലും താൻ മികച്ചതെന്നു തന്നെ ഊട്ടിയുറപ്പിക്കുന്ന എത്ര എത്ര സ്റ്റോറികൾ !
കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ‘വ്യക്തിപരവും പ്രൊഫഷണലുമായ ചില വാർത്ത’ എന്ന തുടക്കത്തോടെ നിധി റസ്ദാന്റെ ട്വീറ്റ് വന്നത്. ഈ വർഷം അവസാനത്തോടെ ഹാർവാർഡ് സർവ്വകലാശാലയുടെ ആർട്സ് ആന്റ് സയൻസിൽ ജേർണലിസം അസോസിയേറ്റ് പ്രൊഫസർ ആകുമെന്നും നിധി ട്വിറ്ററിൽ കുറിച്ചു.
“എൻ ഡി ടി വി എന്നെ എല്ലാം പഠിപ്പിച്ചു. ഇതെന്റെ വീടാണ്. ചെയ്ത സ്റ്റോറികൾ, നിലകൊണ്ട മൂല്യങ്ങൾ എന്നിവയിലൊക്കെ അഭിമാനിക്കുന്നു;
പ്രത്യേകിച്ച് മാധ്യമങ്ങൾ വസ്തുനിഷ്ഠത കൈവിടുന്ന കാലത്ത്.” പ്രണോയ് റോയ്, രാധികാ റോയ് ഉൾപ്പെടെയുള്ള സഹ പ്രവർത്തകർക്ക് നന്ദിയും രേഖപ്പെടുത്തി.
1999ൽ ഇരുപത്തിരണ്ടാം വയസിലാണ് നിധി റസ്ദാൻ NDTV യിൽ മാധ്യമപ്രവർത്തനം തുടങ്ങുന്നത്. അന്നുതൊട്ട് സമകാലിക രാഷ്ട്രീയ , സാമ്പത്തിക, സാമൂഹ്യ പ്രാധാന്യമുള്ള വാർത്തകളിൽ സജീവ സാന്നിദ്ധ്യം. ബി ജെ പി ക്കെതിരെ ശക്തമായ നിലപാട് എടുത്ത മാധ്യമ പ്രവർത്തകരിൽ പ്രമുഖ.
നിധി റസ്ദാനെ നമ്മൾക്കിടയിൽ സുപരിചിതയാക്കിയത് NDTV 24 X 7 Prime News ലെ ചർച്ചകളാണ് . Left Right & Centre Talk Show, India Decides, The Lead, The Big Fight തുടങ്ങിയ പരിപാടികളും അവരെ ശ്രദ്ധേയയാക്കി.
കത്വ കൂട്ട ബലാത്സംഗ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗാണ് അടുത്ത കാലത്ത് അവർക്ക് അന്താരാഷട്ര പ്രശംസ നേടിക്കൊടുത്തത്. 2018 ജനുവരി 17നാണ് ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ സമീപത്തെ ക്ഷേത്രത്തിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്നാണ് അന്വേഷണ റിപ്പോർട്ട് വന്നത്. ഈ വാർത്ത നിധി റസ്ദാനാണ് ആദ്യമായി പുറം ലോകത്തെ അറിയിച്ചത്. കൊലപാതകത്തിനെതിരെ ഇന്ത്യയിലുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചു. പിന്നീട് ഈ റിപ്പോർട്ടിംഗിന് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ പുരസ്കാരം ലഭിച്ചു.
നിധി റസ്ദാന്റെ ചർച്ചകൾ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. 2017ൽ കേന്ദ്ര സർക്കാരിന്റെ കന്നുകാലി നിരോധന ഉത്തരവുമായി ബന്ധപ്പെട്ട ലൈവ് ചർച്ചയിൽ മേഘാലയയിൽ നിന്നുള്ള സംബിത് പത്രയ്ക്കെതിരെ ശക്തമായ നിലപാട് എടുത്തത് അതിലൊന്ന് മാത്രം. ചാനലിന് ചില അജണ്ടകളുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകുന്നുവെന്നുമായിരുന്നു പത്രയുടെ ആരോപണം. ഇതിൽ കുപിതയായ റസ്ദാൻ, ചില പരാമർശങ്ങളിൽ ക്ഷമ പറയണമെന്നും അല്ലാത്തപക്ഷം ഷോയിൽ നിന്ന് ഇറങ്ങിപ്പോകണമെന്നും സംബിത് പത്രയോട് ആവശ്യപ്പെടുകയായിരുന്നു. ക്ഷമ ചോദിക്കാൻ തയ്യാറാകാത്ത സംബിത് പത്ര പിന്നീട് ഇറങ്ങിപ്പോയി.
വിദേശ നിക്ഷേപം സ്വീകരിച്ചു എന്നതിന്റെ പേരിൽ പ്രണോയ് റോയിയ്ക്കും ഭാര്യയ്ക്കും എതിരെ അന്വേഷണം ശക്തമായത് ആ സമയത്തായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് എടുക്കുന്നതിന്റെ പ്രതികാരമാണ് കേസെന്ന ആരോപണവും അന്നുയർന്നു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട അന്വേഷണം ചാനലിന് ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് മുമ്പുള്ള ഈ രാജി എൻഡിടിവിക്ക് കനത്ത തിരിച്ചടിയാണ്. മുന്നോട്ടുള്ള പോക്ക് അത്ര സുഖകരമാവില്ല എന്ന് മുൻകൂട്ടി കണ്ട് സുരക്ഷിതമായ തൊഴിൽ തെരഞ്ഞെടുത്തതായിരിക്കാം എന്ന ചില പ്രതികരണങ്ങൾ വന്നിട്ടുണ്ട്.
43 കാരിയായ നിധി റസ്ദാൻ കശ്മീരി പണ്ഡിറ്റ് കുടുംബാംഗമാണ്. പിടിഐയിൽ ചീഫ് എഡിറ്ററായിരുന്ന മഹാരാജ് കൃഷൻ റസ്ദാന്റ മകൾ. ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ കരസ്ഥമാക്കി. 2005 ൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ നീലേഷ് മിശ്രയെ വിവാഹം ചെയ്തുവെങ്കിലും രണ്ട് വർഷത്തിന് ശേഷം വിവാഹമോചനം നേടി.
പാക്കിസ്ഥാൻ അധീന കശ്മീർ, ടിബറ്റ് തുടങ്ങിയ ഒട്ടേറെ ഡോക്യുമെൻററികളും ചെയ്തിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടനവധി പ്രശ്നങ്ങൾ പുറംലോകത്തെ അറിയിച്ചതും നിധി റസ്ദാന്റെ റിപ്പോർട്ടുകളാണ്. രാംനാഥ് ഗോയങ്ക പുരസ്കാരം, ജമ്മു കശ്മീർ സർക്കാരിന്റെ മികച്ച മാധ്യമ പ്രവർത്തകയ്ക്കുള്ള പുരസ്കാരം എന്നിവ അവരെ തേടിയെത്തിയ ബഹുമതികളിൽ ചിലത് മാത്രം. താൻ ചെയ്ത ടെലിവിഷൻ ഷോയെ അടിസ്ഥാനമാക്കി Left, Right and Centre: The Idea of India എന്ന പുസ്തകം 2017 ൽ പുറത്തിറക്കി.
സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുക എന്നത് നല്ലൊരു choice ആണ്. അതിജീവനം തന്നെയാണ് പ്രധാനം. പുതിയ റോളിൽ തിളങ്ങാൻ നിധി റസ്ദാന് ആശംസകൾ. രാഷ്ട്രീയ നിലപാട് എന്തൊക്കെ ആയിരുന്നാലും; വനിതകൾക്ക്, പ്രത്യേകിച്ച് മാധ്യമ പ്രവർത്തനം ഇഷ്ടപ്പെടുന്നവർക്ക്, അവർ നൽകിയ ആത്മവിശ്വാസം ചെറുതല്ല. അതുകൊണ്ടുതന്നെ എത്ര കാലം കഴിഞ്ഞാലും ഇന്ത്യൻ മാധ്യമപ്രവർത്തകർക്കിടയിൽ അവർ ഉണ്ടാക്കി
വച്ചിരിക്കുന്ന ഇടം അതുപോലെ ബാക്കിയുണ്ടാകും.