![](https://dailyindianherald.com/wp-content/uploads/2016/07/NIKESHKUMAR-kairali.png)
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഴീക്കോട് നിയോജക മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട റിപ്പോർട്ടർ ചാനൽ സിഇഒ എം.വി നികേഷ്കുമാർ കൈരളി – പീപ്പിൾ ടിവിയുടെ തലപ്പത്തേയ്ക്ക്. വാർത്തയുടെയും റിപ്പോർട്ടർമാരുടെ പരിശീലനത്തിന്റെയും ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ ചുമതലയാവും കൈരളി പീപ്പിൾ ടിവിയിൽ നികേഷിനു. കൈരളി – പീപ്പിൾ ടിവിയുടെ വാർത്താവതരണത്തിലെ സമൂലമായ അഴിച്ചു പണിയാണ് നികേഷിന്റെ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും, കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിന്റെയും പ്രത്യേക താല്പര്യപ്രകാരമാണ് നികേഷ്കുമാറിനെ കൈരളി – പീപ്പിളിന്റെ തലപ്പത്തേയ്ക്ക് എത്തിക്കുന്നത്. നിലവിൽ കൈരളി – പീപ്പിൾ ടിവിയിലെ റിപ്പോർട്ടർമാരുടെയും, ആക്കർമാരുടെയും വാർത്താ അവതരണ രീതി പൊളിച്ചെഴുതണമെന്ന ആവശ്യമാണ് നേരത്തെ തന്നെ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പീപ്പിൾ ടിവിയിൽ പരിശീലന ചുമതലയുള്ള സിഇഒ ആയി നികേഷ്കുമാർ എത്തുന്നത്.
ആഗസ്റ്റ് പകുതിയോടെ നികേഷ്കുമാർ കൈരളിടിവിയിൽ ചുമതലയേൽക്കുമെന്നാണ് സൂചനകൾ. എന്നാൽ, ടിവിയിൽ വാർത്താ അവതരണത്തിനോ, നേരിട്ടുള്ള റിപ്പോർട്ടിങ്ങിനോ നികേഷ് എത്തുകയില്ല. പകരം വാർത്തയ്ക്കു പിന്നിലുള്ള ചരട് വലികളിലായിരിക്കും നികേഷ് പങ്കെടുക്കു. കഴിഞ്ഞ ദിവസം ജോൺ ബ്രിട്ടാസും പിണറായി വിജയനും നികേഷുമായി ഇതു സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. മാധ്യമപ്രവർത്തനത്തിൽ നിന്നു പൂർണമായി വിട്ടു നിൽക്കുമെന്നു പ്രഖ്യാപിച്ച ശേഷം തിരികെ എത്താൻ താല്പര്യമില്ലെന്ന നിലപാടാണ് നികേഷ് സ്വീകരിച്ചിരുന്നത്. എന്നാൽ, കൈരളി പീപ്പിൾ ടിവിയുടെ ഉപദേശകനായും റിപ്പോർട്ടർ മാരുടെ പരിശീലകനായും തുടരാനുള്ള അഭ്യർഥന നികേഷ്കുമാർ സ്വീകരിക്കുകയായിരുന്നു.