എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങള്‍ തേടിയത്. ഡിവൈഎസ്പി കേരള സര്‍വ്വകലാശാലയില്‍ നേരിട്ട് എത്തിയാണ് വിവരങ്ങള്‍ തേടിയത്.
കായംകുളം എംഎസ്എം കോളജില്‍ എംകോമിന് പ്രവേശനം നേടാനായി നിഖില്‍ തോമസ് ഹാജരാക്കിയ ഛത്തീസ്ഗഡിലെ കലിംഗ് സര്‍വകലാശാല രേഖകള്‍ വ്യാജമാണെന്ന് കേരള സര്‍വകലാശാല വിസിയും കലിംഗ സര്‍വകലാശാല രജിസ്ട്രാറും സ്ഥിരീകരിച്ചിരുന്നു. ബി.കോം പാസാകാതെയാണ് നിഖില്‍ എംഎസ്എം കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നത്.
നിഖില്‍ തോമസ് ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. നിഖില്‍ തോമസിനെ കണ്ടെത്താനുള്ള അന്വേഷണത്തിനായി എട്ടംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.