കോഴിക്കോട്: നിലമ്പൂര്‍ കാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. മെഡിക്കല്‍ കോളേജിനു മുന്നില്‍ പൊതുദര്‍ശനത്തിന് വച്ചതിനു ശേഷമായിരുന്നും മാവൂര്‍ പൊതുശ്മാനത്തില്‍ സംസ്‌കരിച്ചത്.
കുപ്പുദേവരാജിന്റെ മൃതദേഹം ചെങ്കൊടി പുതപ്പിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും മുദ്രാവാക്യങ്ങള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഏറ്റുവാങ്ങിയത്. പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെതിരെ പോലീസും യുവമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇത് മറികടന്നാണ് പൊതുദര്‍ശനത്ത് വച്ചത്.
അരിവാള്‍ ചുറ്റിക പതിച്ച ചെങ്കൊടി പുതച്ചാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. സിപിഐ നേതാവ് ബിനോയ് വിശ്വവും കുപ്പുദേവരാജിന് അന്തിമോപചാരം അര്‍പ്പിച്ചു. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് താന്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുദ്രാവാക്യ മുഖരിതമായ അന്ത്യോപചാരത്തിന് ശേഷം മൃതദേഹം മാവൂര്‍ റോഡിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
വെടിയേറ്റ് കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം ഈ മാസം 13വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അജിതയുടെ സഹപാഠി ഭഗവത് സിങ്ങിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.
മാവോയിസ്റ്റുകളുടെ മൃതദേഹം എവിടെ പൊതുദര്‍ശനത്തിന് വെച്ചാലും തടയുമെന്ന വെല്ലുവിളിയായിരുന്നു ഇന്ന് യുവമോര്‍ച്ച നടത്തിയത്. പൊതുദര്‍ശനം അനുവദിക്കില്ലെന്ന നിലപാടില്‍ ആദ്യം പൊലീസും എത്തിച്ചേര്‍ന്നു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ആയിരുന്നു ആദ്യം പൊതുദര്‍ശനത്തിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയത്.
അനുമതി നിഷേധിച്ചതോടെ ഗ്രോ വാസുവിന്റെ വീടിന് സമീപമുളള പൊറ്റമ്മല്‍ വര്‍ഗീസ് സ്മാരക ബുക്ക് സ്റ്റാളില്‍ പൊതുദര്‍ശനം സംഘടിപ്പിക്കുമെന്ന് അറിയിപ്പ് വന്നു. പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗ്രോ വാസുവിന്റെ വീടിന് മുന്നിലും പ്രതിഷേധവുമായി എത്തി. കോഴിക്കോട് മെഡിക്കല്‍ കോളെജിന് സമീപത്തും ഇവര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. രണ്ടിടങ്ങളിലും അക്രമാസക്തരായ ഇവരെ തടയുന്നതിന് പകരം മനുഷ്യാവകാശ പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. മാവോയിസ്റ്റുകളുടെ മൃതദേഹത്തെ പോലും ഭരണകൂടത്തിന് പേടിയാണെന്ന് ഗ്രോ വാസു കുറ്റപ്പെടുത്തി.