നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ വനത്തിനുള്ളില്‍ ആയുധപരിശീലനം നടത്തിയിരുന്നതിന് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. പോലീസ് പിടിച്ചെടുത്ത ഡയറികളിലും പെന്‍ഡ്രൈവുകളിലും നിന്നുമാണ് പോലീസിന് ഈ തെളിവുകള്‍ കിട്ടിയത്.
മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചതിന് സമീപമുള്ള ഷെഡുകളില്‍ നിന്നും 33 പെന്‍ഡ്രൈവുകളും ഡയറികളും അടക്കം നിരവധി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ദിവസവും നടത്തേണ്ട പരിശീലനങ്ങളെക്കുറിച്ചും ശത്രുക്കളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ഡയറികളില്‍ ഉള്ളത്. രാവിലെ 6.50ന് തുടങ്ങി വൈകുന്നേരം 5.50ന് അവസാനിക്കുന്ന ദിനചര്യകളുടെ പട്ടികയും ഈ ഡയറികളിലുണ്ട്.
ആയുധ പരിശീലനത്തില്‍ ഗ്രനേഡ് എറിഞ്ഞ് പരിശീലിക്കുന്നതിനും സമയം ക്രമീകരിച്ചിട്ടുണ്ട്. ശത്രു മുന്നിലെത്തിയാല്‍ അയാള്‍ എത്ര ദുര്‍ബലനായിരുന്നാലും ആക്രമിക്കണം. ശത്രുക്കളെ നേരിടാന്‍ ഷെഡുകള്‍ക്ക് പുറത്ത് 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നവര്‍ക്ക് ആധുനിക ആയുധങ്ങള്‍ നല്‍കണമെന്നും ഡയറിക്കുറിപ്പിലുണ്ട്. ശത്രുക്കള്‍ വരാന്‍ സാധ്യതയുള്ള വഴികളെല്ലാം തടസപ്പെടുത്തണം. ഇത് രഹസ്യമായി ചെയ്യേണ്ട കാര്യമില്ലെന്നും നിര്‍ദേശമുണ്ട്.
ബൈക്കിലും മറ്റ് വാഹങ്ങളിലും വരുന്ന ശത്രുക്കളെ കണ്ടമാത്രയില്‍ വെടിവയ്ക്കാനും കാവല്‍ നില്‍ക്കുന്നവരോട് പറയുന്നുണ്ട്. ആധുനിക ആയുധങ്ങളില്‍ പരിശീലനം നടത്താനും ആയുധങ്ങള്‍ നിര്‍മിച്ച് പരിശീലിക്കാനും ആവശ്യപ്പെടുന്നുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ബാങ്കുകൊള്ളയിലും നിരവധി കൊലക്കേസുകളിലും ഇയാള്‍ പ്രതിയാണെന്നാണ് വിവരങ്ങള്‍.
കുപ്പു ദേവരാജിന്റെ ജീവചരിത്രം പോലീസ് ആഭ്യന്തര വകുപ്പിനു കൈമാറി. ആന്ധ്ര സര്‍ക്കാര്‍ 12 ലക്ഷം രൂപയും തമിഴ്നാട് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും കുപ്പുദേവരാജന്റെ തലയ്ക്ക് വിലയിട്ടിരുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.