
കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും. ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.
കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂരില്‍ നിപ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ചെറുവണ്ണൂര്‍ കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 1080 പേര്‍ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരില്‍ 327 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത് 175 പേരാണ്. ഇവരില്‍ 122 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കപട്ടികയില്‍ മലപ്പുറം ( 22) കണ്ണൂര്‍ (3) വയനാട് (1) തൃശൂര്‍ (3) സ്വദേശികളുമുണ്ട്.