കൊച്ചി: നിപ ബാധയെന്ന സംശയത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന യുവാവിനോട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട 50ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് മെഡിക്കര്‍ ഓഫീസര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലുള്ളവരാണ് നിരീകഷണത്തിലുള്ളത്. രോഗത്തിന്റെ ഉറവിടം തൃശൂരല്ലെന്നു ഡിഎംഒ മാധ്യമങ്ങളോടു പറഞ്ഞു.
യുവാവ് നാലു ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. 22 പേരും ഇയാളോട് ഒപ്പം താമസിച്ചിരുന്നു. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു പരിശോധിച്ചു. ആര്‍ക്കും ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അതിനാല്‍ ആശങ്ക വേണ്ടെന്നും ഡിഎംഒ വ്യക്തമാക്കി.
യുവാവിനു തൊടുപുഴയില്‍നിന്നു വരുമ്പോള്‍ തന്നെ പനിയുണ്ടായിരുന്നു. അവിടെ നിന്നാവാം വൈറസ് ബാധിച്ചത്. തൃശൂരില്‍ ഒപ്പം താമസിച്ച 22 പേര്‍ക്കും പനിയില്ല. മുന്‍ കരുതലിന്റെ ഭാഗമായി കൂടുതല്‍ ആള്‍ക്കാരെ നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും ഇതുവരെ നിപ ലക്ഷണങ്ങളില്ലെന്നും ഡിഎംഒ അറിയിച്ചു.
കൊച്ചി, കളമശേരി, കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. രോഗി തൃശൂരില്‍ താമസിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേര്‍ന്നു. ഓസ്‌ട്രേലിയയില്‍നിന്ന് എത്തിച്ച മരുന്ന് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. നിപ സ്ഥിരീകരിച്ചാല്‍ അത് സംസ്ഥാന ആരോഗ്യവകുപ്പിന് ലഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.