കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടത്തി. മൂന്ന് കേസുകളില്‍ നിന്നായി 702 പേരാണ് നിലവില്‍ സമ്പര്‍ക്കത്തിലുള്ളത്. ആദ്യം മരണപ്പെട്ടയാളുകളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 371 പേരും രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 281 പേരുമാണുള്ളത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയുമായി 50 പേരാണ് സമ്പര്‍ക്കത്തിലുള്ളത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതുവരെ ആകെ ഏഴ് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് കോഴിക്കോട് ജില്ലയില്‍ സജ്ജമാക്കും. ഇതോടെ ഫലം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകും. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.