
കൊച്ചി: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറുപേരുടേയും പരിശോധനാ ഫലം നെഗറ്റീവ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ആറ് പേരുടെയും ഫലം നെഗറ്റീവായിരുന്നു. രക്തസ്രവ സാംപിളുകള്‍ ആലപ്പുഴ, മണിപ്പാല്‍, പുനെ എന്നിവിടങ്ങളിലേക്ക് അയച്ചിരുന്നു.
നിപ ബാധിതനായ വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് നഴ്സുമാര്‍, യുവാവിന്റെ സുഹൃത്ത്, ചാലക്കുടി സ്വദേശികളടക്കം ആറു പേരുടെ രക്ത സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. പനിയടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഏഴാമന്റെ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചു. നിലവില്‍ 314 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.
തിരുവനന്തപുരത്തും നിപയെന്ന് സംശയിക്കാവുന്ന തരത്തില്‍ പനി ബാധിച്ച രണ്ടുപേര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ഉള്ളത്. കൊച്ചിയില്‍ നിന്നെത്തിയ യുവാവിനെയും മറ്റൊരാളെയുമാണ് വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇവരുടെ സ്രവ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ ചികിത്സയിലേക്ക് കടക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ നല്‍ക്കുന്ന വിവരം. ഇപ്പോഴത്തേത് സ്വാഭാവിക നടപടി മാത്രമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, നിപയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാവസ്ഥയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ ഇന്ന് സംസ്ഥാനത്ത് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം കൊച്ചിയിലാണ് ചേരുക. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.