പുതുവത്സരത്തില്‍ സര്‍ക്കാരിന്റെ അടി: നിപ ഹീറോകള്‍ പുതുവര്‍ഷം മുതല്‍ ജോലിക്കു ഹാജരാകേണ്ടെന്ന് നിര്‍ദേശം, വാക്കുകള്‍ വെറുതെ

കോഴിക്കോട്: കേരളക്കര കണ്ട ഏറ്റവും വലിയ വെല്ലുവിളിയായ നിപയെ അതിജീവിക്കാന്‍ സേവനമനുഷ്ഠിച്ച താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 42 ജീവനക്കാരുടെ കരാര്‍ നാളെ അവസാനിക്കും. ഇനി തുടര്‍ന്ന് ജോലിക്ക് ഹാജരാകേണ്ടെന്നാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ പുതുവര്‍ഷത്തില്‍ ജീവിക്കാന്‍ വഴി ഇല്ലാതെ കഷ്ടപ്പാടിലായിരിക്കുകയാണ് ഇവര്‍.

30 ശുചീകരണത്തൊഴിലാളികളും, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാരും, ഏഴ് നഴ്‌സിങ് സ്റ്റാഫുമാരോടുമാണ് ജോലിക്ക് ഹാജരാകേണ്ടെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.നേരത്തെ നവംബറില്‍ ഇവരെ പിരിച്ചു വിട്ടിരുന്നുവെങ്കിലും നടപടി വിവാദമായതിനെ തുടര്‍ന്ന് കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. തുടര്‍ നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.

ജോലി സ്ഥിരപ്പെടുത്തുമെന്ന് ആവശ്യപ്പെടാതെ സര്‍ക്കാര്‍ ഇങ്ങോട്ട് നല്‍കിയ വാഗ്ദാനത്തില്‍ എന്തെങ്കിലും ഉറപ്പു ലഭിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്കു മുന്നില്‍ സത്യാഗ്രഹ സമരം തുടങ്ങുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

Top