മണ്ണാര്‍ക്കാട് : ഓണാഘോഷം കഴിഞ്ഞ് മുത്തശ്ശിയുടെ കൈപിടിച്ച് യാത്ര പറയുമ്പോള്‍ ആരും കരുതിയില്ല അതു നിരഞ്ജന്റെ മടങ്ങിവരാത്ത യാത്രയാണെന്ന്. ഭാര്യ ഡോ. രാധികയും മകള്‍ വിസ്മയയെയും കൂട്ടി തറവാട്ടിലെത്തിയ നിരഞ്ജന്‍ കുടുംബാംഗങ്ങളോടും അച്ഛന്റെ സുഹൃത്തുക്കളോടും വിശേഷങ്ങള്‍ പറഞ്ഞ് തീരാത്ത പോലെയായിരുന്നു യാത്ര പറഞ്ഞത്. ജോലിത്തിരക്കിനിടെ വീണു കിട്ടിയ ഒഴിവുകാലം ബന്ധുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു നിരഞ്ജന്‍.ഇന്നലെ മരണവിവരം അറിഞ്ഞ് കളരിക്കല്‍ വീട്ടില്‍ ആളുകളും ചാനലുകാരും എത്തിയതോടെ മുത്തശ്ശി പത്മാവതി അമ്മയ്ക്ക് പന്തികേടു തോന്നി. നിരഞ്ജന്റെ കാര്യം പറയുന്നത് മുത്തശ്ശി കേള്‍ക്കുന്നുണ്ട്. എന്നാല്‍ എന്താണു സംഭവിച്ചതെന്ന് അവര്‍ക്കു മനസിലായില്ല. ആള്‍ത്തിരക്കു വര്‍ധിച്ചതും അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളില്‍ നിന്നുമായി ചില സൂചനകള്‍ ലഭിച്ചു. ചിലരുടെ ഉച്ചത്തിലുളള വര്‍ത്തമാനത്തില്‍ നിന്നു കാര്യം വ്യക്തമായി. അവര്‍ നിറകണ്ണുകളോടെ ബന്ധുക്കളുടെ മുഖത്തേക്കു നോക്കി. ബന്ധുക്കള്‍ നിവൃത്തിയില്ലാതെ രാത്രിയോടെ നിരഞ്ജന്റെ കാര്യം അവരെ അറിയിച്ചു. അപകടത്തില്‍ നിരഞ്ജന്‍ മരിച്ചു എന്നു മാത്രമാണു മുത്തശ്ശിയോടു പറഞ്ഞത്.