ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിച്ചതിനെതിരേ നാലുപ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നാലു പേര്‍ക്കും ഡല്‍ഹി ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ചിന്തിക്കാന്‍ പോലും കഴിയാത്ത ക്രൂരതയെന്നാണ് സുപ്രീം കോടതി ഇവരുടെ കുറ്റകൃത്യത്തെ കുറിച്ച് പറഞ്ഞത്.
സമാനതയില്ലാത്ത ക്രൂരതയാണ് പ്രതികള്‍ ചെയ്തതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു.
പ്രതികള്‍ക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കുന്നതും പരിഗണിക്കണമെന്ന് കേസിലെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇത് കോടതി പരിഗണിച്ചില്ല.
2016 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഈ സംഭവമാണ് പിന്നീട് നിര്‍ഭയ കേസ് എന്നറിയപ്പെട്ടത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് മരിച്ചു. കേസിലെ പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിങ് വിചാരണക്കാലയളവില്‍ ജയിലില്‍ ആത്മഹത്യചെയ്തു. മറ്റൊരുപ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടന്നത്. മൂന്നുവര്‍ഷത്തെ തടവിനുശേഷം ഇയാള്‍ പുറത്തിറങ്ങി.