നിർഭയ കേസിൽ വധശിക്ഷ നീട്ടാൻ വീണ്ടും പ്രതിയുടെ നീക്കം.വധശിക്ഷക്ക് സ്റ്റേ ആവശ്യപ്പെട്ട് രണ്ടു പ്രതികളുടെ ഹർജി

ന്യൂഡൽഹി :നിർഭയ കേസിൽ വധശിക്ഷ നീട്ടാൻ വീണ്ടും പ്രതിയുടെ നീക്കം. കേസിൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ സിങ്ങും പവൻ കുമാർ ഗുപ്തയും ഡൽഹി കോടതിയിൽ ഹർജി നൽകി. ഹർജിയിൽ മാർച്ച് രണ്ടിനുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട് അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ തിഹാർ ജയിൽ അധികൃതർക്കു നോട്ടീസ് നൽകി.

പ്രതി പവൻകുമാർ ഗുപ്ത സുപ്രിംകോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് മറ്റൊരു പ്രതി അക്ഷയ് കുമാർ സിങ് മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതിയോട് ആവശ്യപ്പെട്ടത്. നേരത്തെ രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയില്ലെന്നും പുതിയ ദയാഹർജി സമർപ്പിക്കണമെന്നുമാണ് അക്ഷയ്‌യുടെ ആവശ്യം. മാർച്ച് മൂന്നിന് പുലർച്ചെ ആറ് മണിക്ക് വധശിക്ഷ നടപ്പാക്കൽ തീരുമാനിച്ചിരിക്കെയാണ് പ്രതികൾ വീണ്ടും വിവിധ കോടതികളെ സമീപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രപതിക്കു നൽകിയ ദയാഹർജി തീർപ്പാക്കിയിട്ടില്ലെന്ന്, അഭിഭാഷകൻ എ.പി. സിങ് മുഖേന നൽകിയ ഹർജിയിൽ അക്ഷയ് കുമാർ സിങ് വാദിച്ചു. ആവശ്യമായ വസ്തുതകൾ സമർപ്പിച്ചില്ലെന്നു കാട്ടിയാണ് രാഷ്ട്രപതി മുൻപ് ദയാഹർജി തള്ളിയതെന്ന് എ.പി. സിങ് പറഞ്ഞു.

താൻ നൽകിയ പിഴവു തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നു കാട്ടിയാണ് പവൻ കുമാർ ഗുപ്ത ഹർജി നൽകിയത്. അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (25), മുകേഷ് കുമാർ (32), വിനയ് ശർമ (26) എന്നിവരുടെ വധശിക്ഷ മാർച്ച് മൂന്നിന് രാവിലെ ആറിന് നടപ്പാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.ഏതെങ്കിലും കോടതിയിൽ ഹർജി പരിഗണനയിൽ ഉണ്ടെങ്കിൽ അതിൽ തീർപ്പാകാതെ വധശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് വ്യവസ്ഥ. അക്ഷയ് കുമാർ സിങിന്റെ ഹർജിയിൽ തിങ്കളാഴ്ച ജയിൽ അധികൃതർ നിലപാട് അറിയിക്കണമെന്ന് പട്യാല ഹൗസ് കോടതി ഉത്തരവിട്ടു.

Top