കോട്ടയം: കെ എം മാണിയുടെ മരുമകളും ഒടുവില്‍ കേരള കോണ്‍ഗ്രസില്‍ സജീവമാകുന്നു. കെ എം മാണിയുടെ 86 -ാം ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച സെന്ററിന്റെ ചെയര്‍പെഴ്‌സണായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ എത്തുന്നത്. ഇതുവഴി കേരള കോണ്‍ഗ്രസില്‍ സജീവമാകാന് പദ്ധതി. നീഷയുടെ വരവ് കേരള കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കള്‍ക്കും ദഹിച്ചിട്ടില്ല. പലരും അമര്‍ഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. യുവ നിരയും ജോസഫ് വിഭാഗവും ആശങ്കയോടൊണ് ഇവരുടെ വരവിനെ കാണുന്നത്.
കെ എം മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ച് എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ ചെയര്‍പേഴ്‌സണ്‍ ആണ് നിഷ ജോസ് കെ മാണി. സെന്ററിന്റെ ആദ്യ പരിപാടി ശനിയാഴ്ച കോട്ടയത്താണ്. നിഷയെ തെരഞ്ഞെടുപ്പ് രംഗത്തിറക്കാനുള്ള നീക്കമായാണ് ഇതിനെ കാണുന്നതെന്ന് ജോസഫ് വിഭാഗത്തിന്റെ പ്രമുഖ നേതാവ് പറഞ്ഞു. ‘കെ എം മാണിയുടെ ബജറ്റും അധ്വാന വര്‍ഗ സിദ്ധാന്തവും’ വിഷയത്തില്‍ അന്താരാഷ്ട്ര പ്രബന്ധാവതരണ മത്സരമാണ് ഇന്ന്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് സീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മില്‍ പി ജെ ജോസഫ്-മാണി ശീതസമരം ശക്തമായ ഘട്ടത്തിലാണ് സെന്റര്‍ രൂപീകരണവും നിഷയുടെ രംഗപ്രവേശവും. ഇവര്‍ കോട്ടയം സീറ്റില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു. ‘സ്ത്രീകള്‍ എല്ലാ രംഗത്തും സജീവകമാകുന്ന സമയമല്ലെ’ എന്നായിരുന്നു ഇതേകുറിച്ച് ജോസ് കെ മാണി മാധ്യമ പ്രവര്‍ത്തകരോട് ആദ്യം പ്രതികരിച്ചത്. പാര്‍ടിയില്‍ അമര്‍ഷം ശക്തമായപ്പോള്‍ ‘നിഷ മത്സരിക്കില്ല’ എന്ന വാര്‍ത്താകുറിപ്പ് ഇറക്കി. എന്നാലും മാണിയുടെ മനസ്സിലെ കോട്ടയം സ്ഥാനാര്‍ഥി ആരെന്നതിനുള്ള ഉത്തരം പാര്‍ടിയിലുള്ളവരെയെല്ലാം ആശങ്കയിലാക്കുന്നു.
യൂത്ത് ഫ്രണ്ട് പ്രസിഡന്റടക്കം സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിരിക്കുന്ന രണ്ടാംഘട്ടത്തിലാണ് വീണ്ടും നിഷയുടെ രംഗപ്രവേശം. നീരസക്കാരെയെല്ലാം ഒഴിവാക്കാന്‍ മാണി ലക്ഷ്യമിടുന്നുവെന്ന പ്രചാരണവും ശക്തമായിട്ടുണ്ട്.