തൊടുപുഴ: കേരള കേഡര്‍ ഐപിഎസ് പദവിയിലെത്തി മിടുക്കിയായ ഉദ്യോഗസ്ഥയെന്ന് പേരെടുത്ത നിശാന്തിനി ഐപിസ് പണത്തിനും സ്വാധീനത്തിനും വഴി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഉദ്യോഗസ്ഥായാണെന്ന് തെളിയുന്നു. നിശാന്തിനി ഐപിഎസിനെതിരെ സാമ്പത്തീക ക്രമക്കേടുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ആദ്യമായി കോടതിതന്നെ ഈ ഉദ്യോഗസ്ഥയുടെ മുഖം മൂടി പിച്ചിചീന്തിയിരിക്കുകയാണ്.
നിരപരാധിയായ ബാങ്ക് മനേജരെ വ്യാജ പീഡനക്കേസില്‍ കുടുക്കി സമൂഹമധ്യത്തില്‍ അപമാനിക്കുകയും ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തത് നിശാന്തിനി ഐപിഎസ് എന്ന ഉദ്യോഗസ്ഥായാണെന്ന് കോടതിയും അടിവരയിടുന്നു. പീഡനകേസില്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത് കേസ് വ്യാജമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. നിരപരാധിയായ മാനേജരും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച മാനക്കേടിന് ആര് പരിഹാരം കാണുമെന്ന ചോദ്യംമാത്രം അവശേഷിക്കുകയാണ്.
തൊടുപുഴ യൂണിയന്‍ ബാങ്ക് മാനേജരായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെതിരായി തൊടുപുഴ എഎസ് പി ഓഫീസിലെ വനിതാ പൊലീസുകാരി പ്രമീള ബിജു ഉന്നയിച്ച ആരോപണമാണ് തെറ്റാണെന്ന് കണ്ട് കോടതി തള്ളിയത്. 2011ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പ്രമീള ബിജുവിന്റെ ഇരു കൈകളിലും, കടന്നുപിടിച്ച് മാനഭംഗപ്പെടുത്തി എന്നാരോപിച്ച്, തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിന് ഒടുവില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസ് അന്നത്തെ എ.എസ്പി. നിഷാന്തിനിയും, പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ വെറുതെ വിട്ടുകൊണ്ട് തൊടുപുഴ ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് (നമ്പര്‍ ഒന്ന്), ജോമോന്‍ ജോണ്‍ ഉത്തരവിട്ടു.
പ്രമീള ബിജു 25നും, യമുന 26 നും സ്‌കൂട്ടറിന് ലോണ്‍ എടുക്കുവാന്‍ വേണ്ടി ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. ആ സമയം പ്രതി ക്യാബിനില്‍ വച്ച് പ്രമീള ബിജുവിന്റെ ഇരുകൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു കേസ്. സംഭവത്തില്‍ പേഴ്‌സിയെ പിന്നീട് അറസ്റ്റു ചെയ്തു. ക്രൂരമായ മര്‍ദ്ദനത്തിനും ഇരയാക്കി.
അന്നത്തെ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീജ ജയന്‍ ശുപാര്‍ശ ചെയ്ത കുടിശികയായി കിടന്ന ശക്തി ടയേഴ്‌സിന്റെ ലോണ്‍ പുതുക്കിക്കൊടുക്കാതിരുന്നതില്‍ ബാങ്ക് മാനേജരുമായി വാക്കു തര്‍ക്കവും നിലനിന്നിരുന്നു. തുടര്‍ന്ന്, ഷീജാ ജയന്, നിഷാന്തിനിയുമായുണ്ടായിരുന്ന പ്രത്യേക ബന്ധത്തില്‍, പ്രമീള ബിജു, യമുന എന്നീ പൊലീസുകാരികളെ വേഷപ്രശ്ചന്നരാക്കി, വായ്പയെടുക്കാനെന്ന വ്യാജേന ബാങ്കില്‍ വിടുകയും കള്ള കേസ് ചമയ്ക്കുകയും ആയിരുന്നു.
പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ 38 സാക്ഷികള്‍ ഉണ്ടായിരുന്നു. ഷീജാ ജയന്‍ ഉള്‍പ്പെടെ 17 സാക്ഷികളെ വിസ്തരിച്ചു. ബാങ്ക് മാനേജറുടെയും വാദങ്ങള്‍ കേട്ട ശേഷണാണ് പൊലീസ് കെട്ടിച്ചമച്ച കേസാണെന്ന് കോടതി വ്യക്തമാക്കിയത്. കേസിലെ തെളിവുകള്‍വച്ച്, കേസ് പൊലീസിന്റെ നടപടികള്‍ ക്രൂരവും, മൃഗീയവുമാണെന്ന് കോടതി കണ്ടെത്തി.
ഒന്നാം സാക്ഷിയായ പ്രമീള കൂത്താട്ടുകുളത്ത് സ്ഥിരതാമസമാണെന്നും, ഡ്രൈവിങ് അറിയില്ലാതതയാളാണെന്നും, ഭര്‍ത്താവ് ബിജുവും തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും, പ്രമീളയുടെ ഒരു സഹോദരനും പൊലീസുകാരനാണെന്നും കോടതി വിചാരണാ വേളയില്‍ കണ്ടെത്തി. പ്രമീളയെ ഭര്‍ത്താവ് ബിജുവാണ് ബാങ്കില്‍ കൊണ്ടുവന്ന് വിട്ടതെന്നും, ഇങ്ങനെയൊരു അപമാനം ഉണ്ടായി എന്ന് പറഞ്ഞിട്ടും, സീനിയര്‍ പൊലീസായ പ്രമീള യാതൊന്നും പ്രതികരിക്കാതിരുന്നതും കേസ് കെട്ടിച്ചമച്ചതിന്റെ തെളിവാണെന്ന് വ്യക്തമായി. സംഭവത്തിന് ശേഷം പ്രമീള കാഞ്ഞിരമറ്റത്തുള്ള അമ്മായിയെ കാണാന്‍ പോയി എന്നും വ്യക്തമായി. അന്നേ ദിവസം വൈകിട്ടാണ് കൂത്താട്ടുകുളത്തിന് പോയതെന്നും കോടതി പ്രത്യേകം വിധിന്യായത്തില്‍ പരാമര്‍ശിച്ചു. കൂടാതെ പിറ്റേന്ന് 26ന് ഉച്ചയ്ക്ക് 1.30 വരെ മൊഴി കൊടുക്കുവാന്‍ താമസിച്ചതിലും കോടതി ദുരൂഹതകള്‍ കണ്ടെത്തി.
കൂടാതെ, പ്രമീള ബിജു ബാങ്കില്‍ ചെന്നസമയം, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ, പലരും ബാങ്കില്‍ ഉണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് പ്രമീള മാനേജരുടെ ക്യാബിനില്‍ പ്രവേശിച്ചതും പ്രമീളക്ക് മുന്‍പരിചയമുള്ള ബാങ്ക് സ്റ്റാഫായ റഹീമിനോട്, താന്‍ പൊലീസുകാരിയാണെന്ന് മാനേജരോട് പറയണ്ടാ എന്ന് പ്രമീള പറഞ്ഞെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ബാങ്ക് മാനേജരുടെ ക്യാബിന്‍ ചില്ലിട്ടതും, എല്ലാ ആളുകള്‍ക്കും വ്യക്തമായി കാണാവുന്നതാണെന്നും ബാങ്കിലുണ്ടായിരുന്ന സി.സി.ടി.വി. യില്‍ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളുമില്ലെന്നും വ്യക്തമായി.
കൂത്താട്ടുകുളത്ത് സ്ഥിരതാമസക്കാരിയും, അവിടെ ബാങ്കില്‍ അക്കൗണ്ടുള്ള കുടുംബത്തിന്, മുപ്പതോളം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴയില്‍, യൂണിയന്‍ ബാങ്കില്‍ തന്നെ വായ്പക്കുവേണ്ടി ചെന്നു എന്നത് സംശയാസ്പദമാണ്. മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചിട്ടും പത്തുവര്‍ഷത്തോളമായി പൊലീസിലുള്ള പ്രമീള, ഒരുതരത്തിലും പ്രതികരിക്കാതിരുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു.
ഒരു എംപിയുടെ അക്കൗണ്ടിനെ സംബന്ധിച്ച് ചോദിക്കാനെന്ന വ്യാജേനമാനേജരെ എഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തി, മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം, ചെയ്യാത്ത കുറ്റത്തിന് മാപ്പ് എഴുതിക്കൊടുക്കുവാന്‍ ആവശ്യപ്പെട്ടുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഈ ഭാഗം തെളിയിക്കാനും പ്രതിഭാഗത്തിന് സാധിച്ചു. പിന്നീട് കേസിന്റെ പല ഘട്ടങ്ങളിലും അട്ടിമറികള്‍ ഉണ്ടായി. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ പേഴ്‌സി നല്‍കിയ മൊഴിയും അന്നത്തെ മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത മൊഴിയും, നിഷാന്തിനിക്കും, മറ്റ് പൊലീസുകാര്‍ക്കുമെതിരെ മാനേജര്‍ എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ പൊലീസുകാര്‍ക്കെതിരെ കൊടുത്ത മൊഴി നശിപ്പിക്കപ്പെട്ടതും, കോടതി പ്രത്യേകം പരാമര്‍ശിച്ചു. നിഷാന്തിനിക്കും പൊലീസുകാര്‍ക്കുമെതിരെ രണ്ട് കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുള്ളതുകൊണ്ട് ആ കേസുകളെക്കുറിച്ച് കൂടുതലൊന്നും പരാമശിക്കുന്നില്ലാ എന്ന് കോടതി പറഞ്ഞു.
കേസില്‍ പ്രതിയാക്കപ്പെട്ട വ്യക്തി തൊടുപുഴ ബ്രാഞ്ചില്‍ ചാര്‍ജ്ജ് എടുത്തിട്ട് ഒരുമാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ബാറ്റ്മിന്റണ്‍ നാഷണല്‍ പ്ലയറായ മാനേജരും, പൈലറ്റായ മകനും, സ്റ്റേറ്റ് ഷട്ടില്‍ താരമായ മകളും, അദ്ധ്യാപികയായ ഭാര്യക്കും, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യക്കുമുണ്ടായ അപമാനത്തിനും അനീതിക്കും അക്രമത്തിനുമെതിരെ ഒടുവില്‍ കോടതി അഭയമാകുകയായിരുന്നു എന്ന് ഈ കേസിലെ വിധികൊണ്ട് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു.
ആദ്യം തൊടുപുഴ പൊലീസ് പ്രതിക്കെതിരെ ഒരു ചാര്‍ജ്ജ് ഷീറ്റ് കൊടുത്തു എങ്കിലും, അതില്‍ മതിവരാതെ, പൊലീസ് ഉദ്യോഗസ്ഥര്‍, കൂടുതല്‍ അന്വേഷണത്തിന്, മൂവാറ്റുപുഴ ഡി.വൈ.എസ്പി. യെക്കൊണ്ട് കോടതിയില്‍ നിന്ന് അനുമതി വാങ്ങി. പിന്നീട് യാതൊരു അധികാരപ്പെടുത്തലുകളുമില്ലാതെ സി.ബി.സിഐഡി. ആലപ്പുഴ ഡി.വൈ.എസ്പി.യേക്കൊണ്ട് കേസ് അന്വേഷിപ്പിച്ച്, വ്യാജമായ ഒരു ചാര്‍ജ്ജ് ഷീറ്റ് കൊടുത്തതാണെന്നും കോടതി കണ്ടെത്തി.
സംഭവത്തെ തുടര്‍ന്ന്, ഇതില്‍ ഉള്‍പ്പെട്ട പൊലീസ്സുകാരെ സസ്‌പെന്റ് ചെയ്യുകയും, എ.എസ്പി. നിഷാന്തിനി, അന്നത്തെ ഇടുക്കി എസ്പി. ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരെ സസ്‌പെന്റ് ചെയ്യുവാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നെങ്കിലും ഈ നിര്‍ദ്ദേശം അട്ടിമറിക്കപ്പെടുകയായിരുന്നു.