അത്യാഡംബരപൂർവ്വമായ ജീവിതം നയിക്കുന്നവരാണ് മുകേഷ് അംബാനിയും കുടുംബവും. ഇത് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുമുണ്ട്. ഇത്തവണ
വാർത്തകളിൽ ഇടം നേടിയത് മുകേഷ് അംബാനിയല്ല, ഭാര്യ നിതാ അംബാനിയാണ്. നിതാ അംബാനിയുടെ മൊബൈൽ ഫോണായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ വന്‍ ചര്‍ച്ച.
ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണാണ് നിതാ അംബാനി ഉപയോഗിക്കുന്നതെന്നും 315 കോടിയാണ് ഇതിന്റെ വിലയെന്നുമാണ് വാർത്തകളിൽ നിറഞ്ഞത്. ചില വിദേശ മാധ്യമങ്ങൾ വരെ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
ഫാല്‍കോണ്‍ സൂപ്പര്‍ നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എന്നാണ് ഫോണിന്റ പേര്. 2014ല്‍ ആണ് ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചതെന്നും. ഇതിന്റെ പുതിയ വേര്‍ഷനാണ് നിത അംബാനി ഉപയോഗിക്കുന്നതെന്നും വാർത്തകളിൽ പറയുന്നു.
24 കാരറ്റ് സ്വര്‍ണ്ണവും പിങ്ക് ഗോള്‍ഡും ചേര്‍ത്താണ് ഈ ഫോണിന്റെ നിര്‍മ്മാണം. ഇത് നിലത്തു വീണാല്‍ പൊട്ടാതിരിക്കാനായി പ്ലാറ്റിനം കോട്ടിംഗും നല്‍കിയിട്ടുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഒരു വലിയ ഡയമണ്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ ഫോണ്‍ ഒരിക്കലും ഹാക്ക് ചെയ്യാന്‍ കഴിയില്ല. ഈ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ ഉടമയ്ക്ക് ലഭിക്കും എന്നു വരെ വാർത്തകൾ വന്നു.
ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയും മാധ്യങ്ങളും നൽകിയ വാർത്ത വ്യാജമാണെന്ന വെളിപ്പെടുത്തലുമായി റിലയൻസ് ജിയോയുടെ ജനറൽ മാനേജർ അനുജ ശർമ രംഗത്തെത്തിയിരുന്നു. നിതാ അംബാനിയ്ക്ക് അത്തരത്തിലൊരു ഫോൺ ഇല്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.