നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ..മോദി കൂട്ടുകെട്ടില്‍ ജെഡിയുവില്‍ ഭിന്നത; നിതീഷിന്റെ സത്യപ്രതിജ്ഞയില്‍ വിട്ടുനിന്ന ശരദ് യാദവ് നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു.

പാറ്റ്ന: ബിഹാറിൽ ബിജെപിയുടെ പിന്തുണയോടെ ജനതാദൾയു നേതാവ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിലെ മഹാസഖ്യം പിളർത്തിയാണ് നിതീഷ് കുമാർ വീണ്ടും അധികാരത്തിലേറിയത്. ഉപമുഖ്യമന്ത്രിയായി സുശീല്‍ കുമാര്‍ മോദിയും സത്യപ്രതിജ്ഞ ചെയ്തു. സർക്കാർ ഭൂരിപക്ഷം തെളിയിച്ച ശേഷം മറ്റു മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ജെഡിയു അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ നിതീഷ് കുമാറിന് രണ്ടു ദിവസത്തെ സമയം ഗവർണർ അനുവദിച്ചു.അതിനിടെ നിതീഷിന്റെ സത്യപ്രതിജ്ഞയില്‍ വിട്ടുനിന്ന ശരദ് യാദവ് നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു.

ബുധനാഴ് വൈകുന്നേരം അപ്രതീക്ഷിതമായാണ് നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. അഴിമതിയാരോപണ വിധേയനായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നു ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉറച്ച നിലപാട് എടുത്തതോടെയാണു നിതീഷ് രാജിവച്ചത്. വൈകുന്നേരത്തോടെ ഗവർണർ കേസരിനാഥ് ത്രിപാഠിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. പിന്നാലെ ഡൽഹിയിൽ ചേർന്ന ബിജെപി പാർലമെന്‍ററി ബോർഡ് നിതീഷ്കുമാറിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റാണ്. ജെഡിയുവിന് 71 സീറ്റുകളാണുള്ളത്. ബിജെപിയുടെ 53 അംഗങ്ങളെ കൂടി ചേർത്ത് 124 അംഗങ്ങളുടെ പിന്തുണയാണ് നിതീഷ് അവകാശപ്പെടുന്നത്. അതേസമയം, 80 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെയാണ് ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടിയിരുന്നത് എന്ന അവകാശവാദമാണ് ആർജെഡി മുന്നോട്ട് വയ്ക്കുന്നത്.സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് ഗവർണർ കേസരിനാഥ് ത്രിപാഠിയെ കണ്ടെങ്കിലും അതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ പ്രതിഷേധവുമായി ആർജെഡി പ്രവർത്തകർ രംഗത്തെത്തി. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന രാജ്ഭവന് മുന്നിലും ആർജെഡി പ്രതിഷേധ പ്രകടനം നടത്തി. ജെഡിയു പക്ഷത്തുള്ള ചില എംഎൽഎമാർ തങ്ങൾ പിന്തുണ നൽകുന്നുണ്ടെന്നാണ് ആർജെഡി അവകാശപ്പെടുന്നത്. ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ നിതീഷ് കുമാറിന് രണ്ടു ദിവസത്തെ സമയം നൽകുകയായിരുന്നു.rahul -nitish lalu

അഞ്ചു വർ‌ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബിജെപി ജെഡിയു സഖ്യ ഭരണത്തിന് ബിഹാറിൽ കളമൊരുങ്ങിയത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതിൽ പ്രതിഷേധിച്ചാണ് അന്ന് ജെഡിയുവും നിതീഷും ബിജെപിയുടെ കൂട്ടുകെട്ട് ഉപേക്ഷിച്ചത്. സഖ്യം പിരിഞ്ഞതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ നിതീഷിന് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ലാലു പ്രസാദ് യാദവിനെ കൂട്ടുപിടിച്ച് മന്ത്രിസഭ രൂപീകരിക്കാനായി. ബിജെപി പാളയത്തിലേക്ക് മടങ്ങാനാണ് ലാലുവുമായി ഇപ്പോൾ പിണങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.ഇതോടെ രണ്ടു വർഷം മുന്പു ബിജെപിക്കെതിരേ രൂപവത്കരിച്ച ജെഡിയുആർജെഡി കോൺഗ്രസ് മഹാസഖ്യം ഇല്ലാതായി. റെയിൽവേ ഹോട്ടലിനു ഭൂമി കൈമാറിയതിലെ അഴിമതിയുടെ പേരിൽ സിബിഐ ലാലുവിനും മകൻ തേജസ്വിക്കും മറ്റു കുടുംബാംഗങ്ങൾക്കുമെതിരേ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് രാഷ്‌ട്രീയമാറ്റങ്ങൾ.

അതേസമയം അപ്രതീക്ഷിതമായി ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്കകം മറുചേരിയില്‍ ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചനയില്‍ ജെഡിയുവിലും ഭിന്നത. ബിജെപിയുടെ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പടപൊരുതുമെന്ന് പ്രഖ്യാപിച്ച ജെഡിയു ദേശീയ അധ്യക്ഷന്‍ ശരദ് യാദവ് ബിജെപിയുടെ കൈ പിടിച്ചുള്ള നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ തന്നെ ഭിന്നത വ്യക്തമായിരുന്നു. ആര്‍ജെഡിയേയും കോണ്‍ഗ്രസിനേയും തള്ളി മഹാസഖ്യം പൊളിച്ച നിതീഷിന്റെ കാലുവാരലില്‍ യാദവിന് കടുത്ത വിയോജിപ്പുള്ളതായാണ് സൂചന. തന്നെ അനുകൂലിക്കുന്ന ഒപ്പമുള്ള നേതാക്കളുടെ യോഗവും ജെഡിയും ദേശീയ അധ്യക്ഷന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹിയിലെത്തിയ യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
നിതീഷ് കുമാറിന് പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച ജെഡിയു കേരള ഘടകത്തിന്റെ അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ എംപിയും ശരദ് യാദവ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും. ഹിന്ദുത്വ ഫാസിസ്റ്റ് പാര്‍ട്ടിയായ ബിജെപിയുമായുള്ള നിതീഷിന്റെ കൂട്ടുകെട്ടില്‍ പാര്‍ട്ടി ദേശീയ തലത്തില്‍ തന്നെ പ്രതിഷേധിക്കണമെന്നും തീരുമാനത്തെ തള്ളണമെന്നും വീരേന്ദ്ര കുമാര്‍ ശരദ് യാദവിനോട് ആവശ്യപ്പെട്ടിരുന്നു.നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടു പുറകെയാണ് ശരദ് യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്. ജെഡിയുവിലെ മുസ്ലീം- ദളിത് സാമാജികര്‍ നിതീഷ് കുമാറിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ അസ്വസ്ഥരാണ്. വൈകിട്ട് അഞ്ച് മണിക്ക് ശരദ് യാദവ് വിളിച്ച യോഗത്തില്‍ ഇവരെല്ലാം പങ്കെടുക്കും.

നാളെ നിയമസഭയില്‍ നിതീഷ് കുമാര്‍- ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ തേടാനിരിക്കെ ജെഡിയുവിലെ യോഗങ്ങള്‍ക്ക് പ്രത്യേക മാനമുണ്ട്. 243 അംഗങ്ങളുള്ള നിയമസഭയില്‍ ജെഡിയുവിന് 71 ഉം ബിജെപിക്ക് 58ഉം സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷം 122 ആണെന്നിരിക്കെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടേതടക്കം 132 പേരുടെ പിന്തുണയുണ്ടെന്നാണ് സഖ്യം അവകാശപ്പെടുന്നത്. ജെഡിയുവില്‍ വിള്ളലുണ്ടായാല്‍ വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ്- മോഡി സഖ്യം വീഴും.

Top