നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മുഖ്യമന്ത്രി നയിക്കേണ്ട: സോളാര്‍ വിവാദം തിരിഞ്ഞു കൊത്തുന്നു; രഹസ്യ എതിര്‍പ്പുമായി ഘടകകക്ഷികള്‍

കോച്ചി: സോളാര്‍ കേസിലെ പുതിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കു പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചു യുഡിഎഫ് ഘടകകക്ഷികള്‍ രംഗത്തെത്തിയെങ്കിലും അണിയറയില്‍ എതിര്‍പ്പ് ശക്തമാകുന്നതായി സൂചന. കോണ്‍ഗ്രസിലെ തന്നെ ഐ ഗ്രൂപ്പും, കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും, മുസ്ലീം ലീഗും തന്നെ മുഖ്യമന്ത്രിക്കെതിരെ അണിയറയില്‍ അരങ്ങൊരുക്കുന്നുണ്ട്. യുഡിഎഫിലെ ചെറുഘടകകക്ഷികള്‍ ഇനിയും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത് യുഡിഎഫ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസിന്റെയും, കേരള കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പിന്‍തുണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു തന്നെയാണ്. തങ്ങള്‍ക്കു അഞ്ചാം മന്ത്രി സ്ഥാനവും, മറ്റ് ആനൂകുല്യങ്ങളും വിവാദങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തിയതുമാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കു സുരക്ഷാ കവചം തീര്‍ക്കുന്നതിനു മുസ്ലീം ലീഗ് നേതൃത്വത്തെ മുന്നില്‍ നിര്‍ത്തുന്നത്. എന്നാല്‍, നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി നാണംകെട്ട മുഖ്യമന്ത്രിയെയുമായി അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടാന്‍ പരാജയം ഉറപ്പാകുമെന്ന സൂചനയാണ് മുസ്ലീം ലീഗ് നേതൃത്വത്തിലെ എതിര്‍വിഭാഗം നല്‍കുന്നത്. നിലവില്‍ മുസ്ലീം ലീഗ് മുഖ്യമന്ത്രിയെ സംരക്ഷിച്ചു നില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായാല്‍ അദ്ദേഹത്തെ താങ്ങി നിര്‍ത്താനാവില്ലെന്ന സൂചനയും ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം നല്‍കുന്നു.
കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പരസ്യമായി മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും വാക്കുകള്‍ക്കിടയില്‍ കുന്തമുന ഉപയോഗിച്ചു മുഖ്യമന്ത്രി ആക്രമിക്കുകയായിരുന്നു. ബാര്‍വിഷയത്തില്‍ ധാര്‍മികത ഉയര്‍ത്തിപിട്ിച്ചാണ് താന്‍ രാജി വച്ചത്. ധാര്‍മികത എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. പക്ഷേ, കോടതി വിധി വന്ന ഉടന്‍ ആരും രാജി വയ്‌ക്കേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രി നല്ല ധാര്‍മികത ഉള്ള ആളാണെന്നാണ് തന്റെ വിശ്വാസമെന്നായിരുന്നു മാണിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്തായിരുന്നു മാണി ഇന്നലെ തന്റെ പ്രസ്താവന നടത്തിയത്. എന്നാല്‍, യുഡിഎഫിലെ ചെറു ഘടകകക്ഷികളില്‍ ആരും തന്നെ വിഷയത്തില്‍ പ്രസ്താവന നടത്താന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമായി.

Top