തിരുവനന്തപുരം: ഗാന്ധിയെ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കി പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ തിരുകി കയറ്റുന്നുവെന്ന വിവാദം കത്തിപടരുന്നതിനിടെ സംസ്ഥാനത്തും ഗാന്ധിയെ ഒഴിവാക്കിയതിന്റെ പേരില്‍ വിവാദം.
രക്തസാക്ഷി ദിനാചരണത്തിനായി ഇറക്കിയ സര്‍ക്കുലറിലും നിയമസഭാ വജ്രജൂബിലി ആഘോഷ നോട്ടീസിന്റെ കവര്‍പേജിലും ഗാന്ധിജിയെ ഒഴിവാക്കി ഇഎംഎസിനെ പ്രതിഷ്ഠിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
ജനുവരി 30ന് ഗാന്ധി അനുസ്മരണദിനം ആചരിക്കാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിലാണ് ഗാന്ധിജിയുടെ പേര് ഒരിടത്തുപോലും പരാമര്‍ശിക്കാത്തത്. ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം രക്തസാക്ഷിദിനം ആചരിക്കണമെന്നും അന്നു രാവിലെ 11ന് രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. പൊതുഭരണവകുപ്പ് തയ്യാറാക്കിയ സര്‍ക്കുലര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും അയക്കാനുള്ളതാണ്.
നിയമസഭയുടെ മുന്‍പില്‍ ഗാന്ധിജിയുടെയും ഡോ. അംബേദ്ക്കറുടേയും നെഹ്റുവിന്റെയും പ്രതിമകളുണ്ട്. എന്നാല്‍, വജ്രജൂബിലി ആഘോഷത്തിന്റെ നോട്ടീസിലെ നിയമസഭാ മന്ദിരത്തിന്റെ ചിത്രത്തില്‍ ഈ പ്രതിമകള്‍ കാണാനില്ല. ഗേറ്റിനു വെളിയിലെ ഇഎംഎസ് പ്രതിമയുടെ ചിത്രമാണ് നിയമസഭയുടെ മുന്‍പില്‍ പ്രതിഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കേരള നിമയസഭാ മന്ദിരത്തിന്റെ സുപ്രധാന ഭാഗം തന്നെയാണ് ഏറ്റവും മുന്‍പിലുള്ള ഗാന്ധിപ്രതിമ. എന്നാല്‍ കട്ട് ചെയ്ത് മാറ്റിയാണ് നോട്ടീസ് തയ്യാറാക്കിയതെന്നതാണ് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നത്.