നിയമസഭാ തിരഞ്ഞെടുപ്പില്‍ താര പോരാട്ടം: പ്രചാരണത്തിലും മത്സരത്തിലും മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടും; മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും നേര്‍ക്കുനേര്‍

തിരുവനന്തപുരം: ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാള സിനിമയിലെ താരങ്ങള്‍ തമ്മിലുള്ള സൂപ്പര്‍ പോരാട്ടമായി മാറുമെന്നു റിപ്പോര്‍ട്ടുകള്‍. ഇന്നസെന്റിന്റെ നേതൃത്വത്തില്‍ മമ്മൂട്ടിയും ഒരു പിടി താരങ്ങളും ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണരംഗത്തിറങ്ങുമ്പോള്‍, മോഹന്‍ലാലും ജഗദീഷും അടക്കം സൂപ്പര്‍താര നിരതന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പോരാന്‍ രംഗത്തിറങ്ങുന്നത്. സുരേഷ് ഗോപി നേതൃത്വം നല്‍കുന്ന താര പോരാട്ടത്തില്‍ ഒരു പിടി സീരിയല്‍ താരങ്ങളെയും വെറ്ററന്‍ സംവിധായകരെയും ബിജെപി രംഗത്തിറക്കുന്നുണ്ട്.
സിനിമാ സീരിയല്‍ താരങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നു മാറിനിന്നിരുന്ന കാലത്തില്‍ നിന്നു വ്യത്യസ്തമായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പായി മാറുമെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്നസെന്റ് മത്സരരംഗത്തിറങ്ങി എംപിയായി വിജയിച്ചതോടെ മലയാള സിനിമയിലെ മറ്റു ചില താരങ്ങള്‍ക്കും രാഷ്ട്രീയ മോഹം കലശലായിട്ടുണ്ട്. ആദ്യമായി മലയാള സിനിമയില്‍ നിന്നു തിരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായത് ഗണേഷ്‌കുമാറായിരുന്നു. അച്ഛന്റെ രാഷ്ട്രീയ പാതപിന്‍തുടര്‍ന്നാണെങ്കിലും ഗണേഷിന്റെ വിജയം കേരളത്തിലെ സിനിമാ താരങ്ങള്‍ക്കു വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.
ഗണേഷിനു മുന്‍പു രാഷ്ട്രീയത്തില്‍ പയറ്റി നോക്കിയ പ്രംനസീറിനും, മുരളിയ്ക്കും അടക്കം അടിതെറ്റിയതു കൂടി നോക്കിയപ്പോള്‍ പരസ്യമായി രാഷ്ട്രീയം പറയാന്‍ തയ്യാറാകാതെ സിനിമാ താരങ്ങള്‍ ഇതുവരെ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍, ഗണേഷ് മന്ത്രിയും എംഎല്‍എയുമായി പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് രാഷ്ട്രീയത്തെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന മലയാള സിനിമാ മേഖല സജീവമായി രാഷ്ട്രീയത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയിരുന്നത്.
എന്നും, രാഷ്ട്രീയത്തില്‍ നിന്നു അകന്നു നിന്നിരുന്ന മമ്മൂട്ടി വരെ തന്റെ രാഷ്ട്രീയം പരസ്യമായി പ്രകടിപ്പിച്ചു രംഗത്തെത്തി. ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ ഉദ്ഘാടകനായെത്തിയ മമ്മൂട്ടി, കൈരളി ചാനല്‍ തുടങ്ങിയപ്പോള്‍ സിപിഎമ്മിനൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കാന്‍ തയ്യാറായി എന്നതും ചരിത്രം. ഇതിനിടെയാണ് ഇന്നസെന്റ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചു പാര്‍ലമെന്റിലേയ്ക്കു ജയിച്ചത്. ഇത് മലയാള സിനിമയില്‍ വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചത്. തന്റെ കോണ്‍ഗ്രസ് പ്രേമം തുറന്നു പറഞ്ഞു മോഹന്‍ലാല്‍ എത്തിയപ്പോള്‍, അതിനു മുന്‍പു തന്നെ തന്റെ മോദിഭക്തിയുമായി സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിനുള്ള പോരാട്ടം തന്നെയാവും ഇത്തവണ കാണേണ്ടി വരിക. കൊല്ലം നിയമസഭാ സീറ്റില്‍ മുകേഷിനെ സ്ഥാനാര്‍ഥിയായി സിപിഎം പരിഗണിക്കുമ്പോള്‍, തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും ഒരു സീറ്റ് ഒപ്പിക്കാനുള്ള ശ്രമത്തിലാണ് ജഗദീഷ്. ശ്രീനിവാസനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നേതാക്കള്‍ പ്രാഥമിക ശ്രമം നടത്തിയെങ്കിലും പിടികൊടുക്കാതെ നടക്കുകയാണ് അദ്ദേഹം. വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത് നിയമസഭയിലെ സിനിമാസാന്നിധ്യത്തെപ്പറ്റിയായിരിക്കുമെന്നും ഉറപ്പായി.

Top