
ന്യൂഡല്‍ഹി :ലോകം കൊറോണയിൽ ഭയന്ന് ജീവിക്കയാണ് .അതേസമയം ചിലർ വളരെ നിസംഗതയോടെ ആണ് ഈ വൈറസ് വ്യാപനത്തെ കാണുന്നത്. വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പൗരത്വ ഭേദഗതിക്കെതിരായ ഷഹീന്‍ബാഗിലെ സമരത്തിലും പങ്കുചേര്‍ന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് മുന്‍പ് തബ്ലീഗില്‍ പങ്കെടുത്ത പത്തിലധികം ആളുകള്‍ ഷഹീന്‍ബാഗില്‍ സമരത്തില്‍ പങ്കുചേര്‍ത്തു. ഇത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആന്ധമാനില്‍ രോഗം സ്ഥിരീകരിച്ച യുവാവ് ഷഹീന്‍ബാഗ് സന്ദര്‍ശിച്ചതായും സമരത്തില്‍ പങ്കെടുത്തതായും വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ ആളുകള്‍ ഷഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ച ചിലരും ഷഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തതായാണ് വിവരം.
മതസമ്മേളനത്തില്‍ പങ്കെടുത്തവരുടെ ഷഹീന്‍ബാഗിലെ സന്ദര്‍ശനം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തുന്നത്. ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത ചിലര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം പതിനായിരത്തിലധികം ആളുകളാണ് കൊറോണ വൈറസ് വ്യാപനത്തിനിടയിലും ഷഹീന്‍ബാഗില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തിരിക്കുന്നത്.
അതേസമയം ആന്ധമാനില്‍ രോഗം സ്ഥിരീകരിച്ച തബ്ലീഗില്‍ പങ്കെടുത്തയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അധികൃതര്‍ ഇയാളുടെ യാത്രാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. അപ്പോഴാണ് ഷഹീന്‍ബാഗ് സന്ദര്‍ശിച്ച വിവരം ഇയാള്‍ വെളിപ്പെടുത്തിയത്.