കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണറിപ്പോർട്ട് . എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തി. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കി.
ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ നവീന്‍ കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ചായിരുന്നു പി പി ദിവ്യയുടെ പ്രസംഗം. ഈ പ്രസംഗത്തില്‍ മനംനൊന്താണ് നവീന്‍ ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്. നവീന്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ടൗണ്‍ പ്ലാനിംഗ് റിപ്പോര്‍ട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്മേലെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൂചന. എ ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ റവന്യൂ വകുപ്പിന് കൈമാറും.
പി പി ദിവ്യ പലതവണ ആവശ്യപ്പെട്ടിട്ടും നവീന്‍ ബാബു എന്‍ഒസി നല്‍കാന്‍ വൈകിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. എന്നാല്‍ ദിവ്യ ആരോപിച്ചതുപോലെ എന്‍ഒസി നല്‍കാന്‍ നവീന്‍ വൈകിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ട് പി പി ദിവ്യയ്ക്ക് കുരുക്കാകുകയാണ്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം വ്യാഴാഴ്ചയാണ് നടക്കുക.