ന്യൂഡല്‍ഹി:തൊഴില്‍തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറാനുള്ള പ്രവണത ഇന്ത്യാക്കാരില്‍ ഗണ്യമായി കുറഞ്ഞു. രണ്ടു വര്‍ഷമായി സൗദി അറേബ്യയിലേക്ക് പോകുന്നവരുടെ എണ്ണം നേര്‍ പകുതിയായതായും പറയുന്നു. വിദേശ വരുമാനത്തിലും ഇത് കുറവ് വരുത്തി. ഗള്‍ഫുകാരന്‍ എന്ന മേല്‍വിലാസത്തില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ മുഖം തിരിക്കുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2014 ല്‍ 775,845 പേര്‍ ഗള്‍ഫിലേക്ക് പോയ സ്ഥാനത്ത് 2016 ല്‍ അത് 507,296 ആയി കുറഞ്ഞു. ഇതില്‍ സൗദി അറേബ്യയിലേക്ക് തൊഴില്‍തേടി പോകുന്നവരുടെ എണ്ണം നേര്‍ പകുതിയായിട്ടാണ് കുറഞ്ഞത്. 2014 ല്‍ സൗദിയിലേക്ക് പോയത് 329,882 പേരാണെങ്കില്‍ 2016 ല്‍ അത് 165,356 ആയിട്ടാണ് കുറഞ്ഞത്. അതായത് 50 ശതമാനം കുറവ് വന്നു. എണ്ണവില ഇടിഞ്ഞതും ഇസ്ളാമിക് സ്റ്റേറ്റിന്റെ ഇറാഖ് സിറിയ സ്വാധീനവുമെല്ലാം പ്രവാസ ജീവിതത്തില്‍ ഇടിവ് വരാന്‍ കാരണമായി. എണ്ണവില ഇടിഞ്ഞതാണ് സൗദിയിലേക്കുള്ള പ്രയാണം കുറച്ചത്.
ഇതിന് പിന്നാലെ സൗദിയിലെ വിദേശീകളെ ഒഴിവാക്കി പകരം നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്ന ദേശീയവല്‍ക്കരണവും പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി. എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് സൗദിസര്‍ക്കാര്‍ വരുമാനം കൂട്ടാന്‍വേണ്ടി പുതിയതായി അവതരിപ്പിച്ച നികുതി സമ്ബ്രദായവും തിരിച്ചടിച്ചു. ജൂലൈ 1 മുതല്‍ സൗദി അവിടെ താമസിക്കുന്ന വിദേശികളുടെ ആശ്രിതര്‍ക്കും നികുതി ഏര്‍പ്പെടുത്തി. കൂടെ താമസിക്കുന്ന ഒരാള്‍ക്ക് മാസം 100 റിയാല്‍ (ഏകദേശം 1,700 രൂപ) വീതമാണ് നികുതി നല്‍കേണ്ടത്. വര്‍ഷം തോറും ഇത് കൂടുകയും ചെയ്യും. ഇത് 2018 ല്‍ 200 റിയാലും 2019 ല്‍ 300, 2020 ല്‍ 400 എന്ന നിലയിലാകും കൂടുക.
സൗദി അറേബ്യയില്‍ മാത്രം 30 ലക്ഷം ഇന്ത്യാക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ബഹറിനും സമാനമായ രീതിയിലുള്ള പരിഷ്ക്കാരങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതിനെല്ലാം പുറമേ വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും വിവിധ തൊഴിലുടമകളുടെ പീഡനങ്ങളുമെല്ലാം ഈ തിരിച്ചടിക്ക് കാരണമായി മാറിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഇറാഖിലും സിറിയയിലുമായി ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പ്രശ്നങ്ങള്‍ മേഖലയെ ഒന്നായി ബാധിക്കുകയും ചെയ്തു. ഇന്ത്യാക്കാരുടെ ബാലന്‍സ്ഷീറ്റിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. 2014-15 കാലയളവില്‍ 69,819 ദശലക്ഷം ഡോളറില്‍ നിന്നും 65,592 ദശലക്ഷം ഡോളറായിട്ടാണ് ചുരുങ്ങിയിരിക്കുന്നത്.