തിരുവനന്തപുരം: ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍വീതം ഭൂമി നല്‍കുമെന്ന പ്രഖ്യാപനം നടപ്പാക്കിയില്ല. വന്‍കിടക്കാരും സര്‍ക്കാരും കൈയ്യേറിയത് 39,000 ഏക്കര്‍ വനഭൂമി.പാട്ടക്കരാര്‍ ലംഘിച്ച് വ്യക്തികളും കമ്പനികളും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്നതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്.318.506 ഏക്കറും വന്‍കിട തോട്ടം കമ്പനികള്‍ 18909.8905 ഏക്കറും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ 20453.737 ഏക്കര്‍ വനഭൂമിയുമാണ് പാട്ടക്കാലാവധി ലംഘിച്ച് കൈവശം വച്ചിരിക്കുന്നത്. ഈ 39682.1335 ഏക്കര്‍ വനഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് റവന്യൂ വകുപ്പ്. എന്നാല്‍, ഇതിനെ തടയിടാന്‍ മറുനീക്കവും ആരംഭിച്ചു.
എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം കൃഷിനടത്തുന്നതിനായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ആ നീക്കം വന്‍കിട എസ്റ്റേറ്റുകാരും കൈയ്യേറ്റക്കാരും അട്ടിമറിക്കുകയായിരുന്നു.പറമ്പിക്കുളത്ത് തമിഴ്‌നാടിന്റെ പക്കലുള്ള വിസ്തൃതമായ ഭൂമിയുടെ പാട്ടക്കാലാവധി 1988 ല്‍ അവസാനിച്ചിട്ടും മടക്കി നല്‍കിയില്ല. അയ്യായിരം ഏക്കര്‍ വനഭൂമിയിലും ഹാരിസണ്‍ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്.
വ്യവസ്ഥകളോടെ വാങ്ങിയ വനഭൂമി കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപിടിക്കാനോ പാട്ടം പുതുക്കാനോ കഴിഞ്ഞിട്ടില്ല. ഹാരിസണ്‍, ടാറ്റ, എ.വി.ടി. തുടങ്ങിയ കമ്പനികള്‍ അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള വനഭൂമിയുടെ കണക്ക് ഇതിന്റെ പത്ത് മടങ്ങാണ്. ഈ കൈയേറ്റത്തിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല.
വനംവകുപ്പിന്റെ നെന്മാറ ഡിവിഷനിലെ ചെറുനെല്ലി, രാജാക്കാട്, മോങ്കുഡ്, കാരപ്പറ എ, കാരപ്പാറ ബി, ബ്രൂക്‌ലാന്‍ഡ്, അലക്‌സാഡ്രിയ എ, അലക്‌സാഡ്രിയ ബി എന്നീ വനഭൂമികളും നോര്‍ത്തേണ്‍ സര്‍ക്കിള്‍ കണ്ണൂരിലെ കിളിങ്കര്‍ നടുമുന ശങ്കരനാരായണ ഭട്ട് കൈവശം വച്ചിട്ടുള്ള ആറ് ഏക്കറില്‍ അധികം വരുന്ന വനഭൂമിയും ഏറ്റെടുക്കാനുള്ള ശ്രമം നടക്കുന്നതായാണു സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.ഹാരിസണ്‍ മലയാളം കമ്പനി പാട്ടക്കരാര്‍ ലംഘിച്ച് കൈവശപ്പെടുത്തിയിട്ടുള്ള അമ്പതിനായിരം ഏക്കര്‍ തോട്ടം കൂടാതെ ചാലക്കുടി ഡിവിഷനില്‍ അവര്‍ 4896.65 ഏക്കര്‍ വരുന്ന വനഭൂമികൂടി കൈവശപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയിരിക്കുകയാണ് കമ്പനികള്‍.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അല്‍പ്പമെങ്കിലും വിജയിച്ചിട്ടുള്ളത് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തിയിട്ടുള്ള വനഭൂമിയുടെ കാര്യത്തില്‍ മാത്രമാണ്. ചാലക്കുടി ഡിവിഷനില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നും പാട്ടക്കുടിശിക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.പാട്ടക്കുടിശിക വരുത്തിയ കെ.എസ്.ഇ.ബി, കെ.എഫ്.ഡി.സി. എന്നീ സ്ഥാപനങ്ങളില്‍ നിന്നും അതു പിരിച്ചെടുക്കാനുള്ള നടപടിയും പുരോഗമിക്കുന്നതായാണ് അറിവ്. നെന്മാറ ഡിവിഷനിലെ മീരാ ഫ്‌ളോറസ്, ബിയാട്രീസ് എന്നീ എസ്‌റ്റേറ്റുകള്‍ വനം വകുപ്പ് ഏറ്റെടുത്തതായാണ് അറിവ്. കാസര്‍ഗോഡ് റേഞ്ചിലെ മണ്ടകോല്‍ റിസര്‍വ് വനത്തില്‍ ഉള്‍പ്പെട്ട ഗോറി ഗുഡ് തോട്ടത്തിന്റെ ഭൂരിഭാഗം പ്രദേശവും ഏറ്റെടുത്തുകഴിഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 64 വ്യക്തികള്‍ പാട്ടത്തിനെടുത്ത 318.506 ഏക്കര്‍ വനഭൂമിയുടെ പാട്ടകാലാവധി 1989 മാര്‍ച്ചിനും 2006 മാര്‍ച്ചിനും മധ്യേയുള്ള കാലാവധിക്കുള്ളില്‍ അവസാനിച്ചു കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഇവരുടെ വിലാസങ്ങള്‍ പുറത്തുവിട്ടിട്ടില്ല.