കൊച്ചി :ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് നീക്കി. വിലക്ക് നീക്കിക്കൊണ്ട് ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി. ഹൈക്കോടതിയില്‍ പ്രവേശിക്കാനും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും മാധ്യമങ്ങളെ ആരും തടയില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു.ഹൈക്കോടതിയില്‍ മാധ്യമങ്ങളും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് മറ്റ് കോടതികളിലും തുടര്‍ന്നതോടെയാണ് ഹൈക്കോടതി രജിസ്ട്രാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
എന്നാല്‍ ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോ പൂളിലും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യം അതത് ജഡ്ജിമാര്‍ തീരുമാനിക്കുമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ വ്യക്തമാക്കി. ഉത്തരവുകള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു വേഗത്തില്‍ ലഭിക്കാനുള്ള നടപടികള്‍ മീഡിയ കമ്മിറ്റി പരിശോധിക്കുമെന്നും രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഹൈക്കോടതിയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ജനങ്ങളെ അറിയിക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് കൂടി പങ്കെടുത്ത ഹൈക്കോടതിയിലെ മീഡിയ കമ്മിറ്റി യോഗം തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പത്രക്കുറിപ്പിറക്കിയത്. സുരക്ഷയെ മുന്‍നിറുത്തി ജഡ്ജിമാരുടെ ചേംബറുകളില്‍ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യം അതത് ജഡ്ജിമാര്‍ തീരുമാനിക്കുമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ മീഡിയ റൂം തുറക്കുന്നതിനെക്കുറിച്ചോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ലേഖകരുടെ സുരക്ഷയെക്കുറിച്ചോ വിശദീകരണമില്ല.
ജൂലായ് 19, 20 തീയതികളില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്ത സംഭവങ്ങളെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി മീഡിയ റൂം പൂട്ടുകയും ജഡ്ജിമാരുടെ ചേംബറിലേക്കും സ്റ്റെനോ പൂളിലേക്കും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ഈ നിയന്ത്രണത്തോട് യോജിക്കാത്ത ചില ജഡ്ജിമാര്‍ നിലപാടു വ്യക്തമാക്കിയതോടെയാണ് ജഡ്ജിമാര്‍ക്ക് ഇക്കാര്യം തീരുമാനിക്കാമെന്ന് തീരുമാനിച്ചതെന്ന് സൂചനയുണ്ട്. ഇതിനിടെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്ന മീഡിയ കമ്മിറ്റി ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, കെ. സുരേന്ദ്ര മോഹന്‍, പി.ആര്‍. രാമചന്ദ്രമേനോന്‍, സി.കെ. അബ്ദുള്‍ റഹീം എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചു.