
കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു ഹൈക്കോടതി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്കു നല്‍കേണ്ടതില്ല. മരിച്ചാലും ഇരയുടെ പേരു മാധ്യമങ്ങളില്‍ വരുന്നതു ദൗര്‍ഭഗ്യമെന്നും കോടതി നിരീക്ഷിച്ചു.ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ഉത്തരവിടേണ്ട ആവശ്യമില്ല. അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കുകയോ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയോ വേണമെന്നാവശ്യപ്പെട്ട് അഡ്വ.ടി.ബി. മിനി ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണം നിര്‍ണായ ഘട്ടത്തിലാണെന്നും തുടര്‍ന്നുള്ള വാദത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതുകൂടി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് അന്വേഷണത്തില്‍ ഇടപെടേണ്ടതില്ലെന്നും എ.ഡി.ജി.പി സന്ധ്യയുടെ നേത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നോട്ടു പോകാമെന്നും വ്യക്തമാക്കിയത്.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനൊപ്പമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചെങ്കിലും ഡിവിഷന് ബെഞ്ച് ഈ ആവശ്യം നിരസിച്ചു. മരിച്ചാലും ഇരയുടെ സ്വകാര്യത നിലനില്ക്കുമെന്നതിനാല് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് ഈ ആവശ്യം നിരസിച്ചത്. സീനിയറായ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നതിനാല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷയെന്ന് അഭിപ്രായപ്പെട്ട ഡിവിഷന് ബെഞ്ച് ഇരയുടെ പേര് മാധ്യമങ്ങളില്‍ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും നിരീക്ഷിച്ചു.