
തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ചെയര്‍മാനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചു അന്വേഷണം നടക്കട്ടെ. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം നടപടി മതിയെന്നും കെ.മുരളീധരന്‍ പറഞ്ഞു.
നേരത്തെ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അഡ്വ. ജോയി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളാണ് ജോയ് തോമസെന്നും കാര്യപ്രാപ്തിയുള്ള മറ്റൊരാളെ ചെയര്‍മാനാക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി കത്ത് സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന് കൈമാറി.
കഴിഞ്ഞദിവസമാണ് കണ്‍സ്യൂമര്‍ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് ടോമിന്‍ ജെ.തച്ചങ്കരിയെ മാറ്റിയത്. തച്ചങ്കരിക്ക് പകരം എസ്.രത്‌നകുമാര്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് തച്ചങ്കരിക്ക് പുതിയ നിയമനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.ശ്രീലേഖ മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിക്കുന്ന ഒഴിവിലാണ് തച്ചങ്കരിക്ക് നിയമനം.
ജോയ് തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ മുഖ്യമന്ത്രിക്കു കത്ത് നല്കിയതിനു പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.സുധീരന്റെ കത്ത് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.