ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയ്ക്ക് പ്രശ്നമില്ലെന്ന് പോലീസ്. സിനിമ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചിട്ടില്ല.
കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്ന് എഡിജിപി ബി. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. സിനിമ കണ്ടശേഷമാണ് ഉന്നത പോലീസ് സംഘത്തിന്റെ വിലയിരുത്തൽ.
ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി ചിത്രം ഒ.ടി.ടിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്.
നാട്ടിൽ പലവിധ കുറ്റകൃത്യങ്ങൾ നടത്തി നിയമത്തിൽ നിന്ന് രക്ഷപ്പെട്ട് കൊടുംകാട്ടിനുള്ളിൽ താമസിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചുരുളിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഥാപാത്രങ്ങൾ ദുഷ്കരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ജീവിക്കുന്നതിനാൽ പരുക്കൻ ഭാഷയാണ് അവർ ഉപയോഗിക്കുന്നത്.
കഥാപാത്രങ്ങളുടെ വിശ്വാസ്യതയ്ക്ക് ഈ ഭാഷ അനിവാര്യമാണ് എന്നും ഇത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ് എന്നും സമിതി വ്യക്തമാക്കി.
പൊതുഇടത്തിൽ ഏതെങ്കിലും തരത്തിലുള്ള മോശം പ്രയോഗങ്ങൾ ഉണ്ടെങ്കിലേ അവ നിയമവ്യവസ്ഥയെ ലംഘിക്കുന്നുള്ളൂ. പണമടച്ച് ഉപയോഗിക്കുന്ന ഒ.ടി.ടി പൊതുസ്ഥലമായി കാണാൻ കഴിയില്ലെന്നും പോലീസ് പറയുന്നു.
നിലവിൽ രാജ്യത്തെ നിയമം ലംഘിക്കുന്ന ഒന്നും ചുരുളി സിനിമയിലില്ല എന്നും സമിതി കണ്ടെത്തി.