മിറിന്‍ഡ, സെറിലാക് വീറ്റ്, ഫോര്‍ച്യൂണ്‍ ഓയില്‍, ഫ്രൂട്ടി എന്നിവയ്ക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്; വിവരാവകാശ നിയമ പ്രകാരം പുറത്തായ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട മിറിന്‍ഡയും ഫ്രൂട്ടിയും ഉൾപ്പെടെ പെപ്‌സികോ ഇന്ത്യയുടെ മിറിന്‍ഡ, നെസ്ലെ ഇന്ത്യയുടെ സെറിലാക് വീറ്റ്, അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഫോര്‍ച്യൂണ്‍ ഓയില്‍, മാരികോ ഇന്ത്യയുടെ സഫോള ഗോള്‍ഡ് ഓയില്‍, പാര്‍ലെ അഗ്രോയുടെ ഫ്രൂട്ടി തുടങ്ങിയ ഉല്‍പന്നങ്ങളുടെ ഗുണമേന്‍മ മോശമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. നാലു സംസ്ഥാനങ്ങളിലെ ഗുണമേന്മാ പരിശോധനയാണ് പരാജയപ്പെട്ടത്.

വിവരാവകാശ നിയമ പ്രകാരം കിട്ടിയ ഈ റിപ്പോര്‍ട്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ടു. രാജസ്ഥാന്‍, തമിഴ്‌നാട്, ഹരിയാന, ആസാം സംസ്ഥാനങ്ങളില്‍ 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെയുള്ള മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവ നിലവാരമില്ലാത്തവയെന്നു കണ്ടെത്തിയത്. കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ വാങ്ങിക്കഴിക്കുന്ന സാധനങ്ങളാണിവ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവജാത ശിശുക്കള്‍ക്കു നല്‍കുന്ന പ്രധാന ആഹാരമാണ് സെറിലാക്. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയാണ് മറ്റു രണ്ടു ബ്രാന്‍ഡുകള്‍. പെര്‍ബാലിഫിന്റെ എനര്‍ജി ഡ്രിങ്ക്, മുരുഗപ്പ ഗ്രൂപ്പിന്റെ പാരി കുപ്പിവെള്ളം, ഹല്‍ദിറാമിന്റെ ആലൂ ഭുജിയ എന്നിവയും ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടെന്ന് ആര്‍ടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയെ ഈ ബ്രാന്‍ഡുകള്‍ ചോദ്യം ചെയ്തിട്ടില്ല. പുന:വരിശോധന വേണമെന്ന് ആവശ്യപ്പെടാത്തതും സംശയകരം.

ഗുഡ്ഗാവിലെ ഫുഡ് സേഫ്റ്റി ഓഫിസറുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ പെപ്‌സിയുടെ മിറിന്‍ഡക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സബ്സ്റ്റാന്‍ഡേഡ് ആന്‍ഡ് അണ്‍സേഫ് (നിലവാരമില്ലാത്ത, സുരക്ഷിതമല്ലാത്ത) എന്നീ വാക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ പരിശോധിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മൂന്നു തവണ വിവിധ ബാച്ചുകള്‍ പരിശോധിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മിറിന്‍ഡക്കെതിരെ നടപടിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഹരിയാന ഫുഡ് ആന്‍ഡ് ഡ്രഗ് കമ്മീഷണര്‍ക്ക് കത്തയച്ചിരിക്കുന്നത് ഫുഡ് സേഫ്റ്റി ഓഫിസറാണ്. എന്നാല്‍, സംസ്ഥാനത്ത് മിറിന്‍ഡ വിതരണം ചെയ്യുന്ന ഏജന്‍സിയില്‍ പഴിചാരി രക്ഷപ്പെടാനുളള നീക്കത്തിലാണ് പെപ്‌സി.

രാജസ്ഥാനിലെ രാജാസ്മന്ത് ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് സെറിലാക്കിന്റെ നിലവാരമില്ലായ്മ കണ്ടെത്തിയത്. പ്രോട്ടീന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്നാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ പരിശോധിച്ച ഫോര്‍ച്യൂണ്‍ ഭക്ഷ്യ എണ്ണയില്‍ ഉപയോഗിക്കാവുന്നതിലും കൂടുതല്‍ അളവില്‍ ആസിഡ് കലര്‍ത്തിയതായി കണ്ടെത്തി. സഫോള ഗോള്‍ഡ് എണ്ണയിലും ആസിഡിന്റെ അളവിലാണ് സംശയം.

ആസാമിലെ ഗോഹട്ടിക്കടുത്തുള്ള സത്‌ഗോണില്‍ പ്രവര്‍ത്തിക്കുന്ന പദ്‌മേഷ് ബിവ്‌റെജസില്‍ നിര്‍മിച്ച ഫ്രൂട്ടിയുടെ ബാച്ചുകളാണ് ഫുഡ് സേഫ്റ്റി പരിശോധനയില്‍ പരാജയപ്പെട്ടത്. ആസാമിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയവയായിരുന്നു ഇത്.

തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും വിപണിയിലുള്ള മുരുഗപ്പ ഗ്രൂപ്പിന്റെ പാരി കുപ്പിവെള്ളത്തിനു പിടിവീണത് കാഞ്ചീപുരത്തെ പരിശോധനയില്‍. അമിത തോതില്‍ ബാക്ടീരിയയും യീസ്റ്റും കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിക്ക് നോട്ടീസ് നല്‍കി.

Top