സ്വന്തം ലേഖകൻ
ഡൽഹി: ഭാര്യ ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചാൽ ഇത് മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാമെന്നും ഡൽഹി ഹൈക്കോടതി വിധി. നാലര വർഷത്തിലേറെയായി ഭാര്യയുമായി ശാരീരികമായി ബന്ധമുണ്ടായിട്ടില്ലെന്നും, അതുകൊണ്ടു തന്നെ വിവാഹ മോചനം ആവശ്യമാണെന്നും കാട്ടി ഡൽഹി സ്വദേശി നൽകിയ ഹർജിയിലാണ് ഇപ്പോൾ നിർണായകമായ കോടതി വിധിയുണ്ടായിരിക്കുന്നത്. കൃത്യമായ കാരണങ്ങൾ പറയാതെ ഭർത്താവിനു ലൈംഗികത നിഷേധിക്കുന്നത് മാനസിക പീഡനമാകുമെന്നു കണ്ടെത്തിയ കോടതി, ഇദ്ദേഹത്തിനു വിവാഹമോചനം അനുവദിക്കുകയായിരുന്നു.
ഭാര്യയും ഭർത്താവും തമ്മിൽ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. 2001 ലാണ് ഹരിയാന സ്വദേശികളായ ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ ഇരുവർക്കും പത്തും അൻപതും വയസുള്ള കുട്ടികളുണ്ട്. രണ്ടാമത്തെ കുട്ടി ഉണ്ടായതിനു ശേഷം ഭാര്യ ലൈംഗിക ബന്ധത്തിനു സമ്മതിക്കില്ലെന്ന പരാതിയാണ് ഭർത്താവിനുണ്ടായിരുന്നത്. ഭാര്യയ്ക്കു ആരോഗ്യ പ്രശ്‌നങ്ങളോ, തന്നോടു മറ്റു രീതിയിലുള്ള പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ, ശാരീരികമായി അടുപ്പം കാണിക്കുമ്പോൾ ഒഴിഞ്ഞു മാറുകയോ, ദേഷ്യപ്പെടുകയോ ചെയ്യുമെന്നായിരുന്നു പരാതി.
തുടർന്നു 2013 ൽ ഇയാൾ വിവാഹ മോചന ഹർജി ഫയൽ ചെയ്യുകയായിരുന്നു. എന്നാൽ, ഭാര്യ ലൈംഗിക ബന്ധത്തിനു വിസമ്മതിക്കുന്നത് വിവാഹമോചനത്തിനു മതിയായ കാരണല്ലെന്നു കാട്ടി കുടുംബക്കോടതി കേസ് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിൽ വിചാരണ നടപടികൾ ആരംഭിക്കും മുൻപു തന്നെ ഇരുവരും പറയാനുള്ളത് എഴുതി വാങ്ങി. ഭർത്താവിന്റെ വാദത്തെ എതിർത്തുള്ള മറുപടി ഭാര്യ നൽകിയില്ല. ഇതേ തുടർന്നു കോടതി വിധി പ്രഖ്യാപിച്ച് വിവാഹമോചനം അനുവദിക്കുകയായിരുന്നു.