ദില്ലി: ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ ഇനി നിയമങ്ങള്‍ പാലിച്ചേ മതിയാകൂ. സ്വിമ്മിംഗ് സ്യൂട്ടും ഇറക്കം കുറഞ്ഞ പാവാടയുമൊക്കെ ധരിച്ച് ഇനി നടക്കാമെന്ന് വിചാരിക്കേണ്ട. വിനോദസഞ്ചാരികള്‍ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്നു കേന്ദ്രമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.
വിനോദസഞ്ചാരികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ അവര്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന സമയത്തു വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ നിര്‍ദേശങ്ങള്‍ ലഘുലേഖയിലുണ്ടാകും.
ചെറിയ നഗരങ്ങളില്‍ തനിച്ചു യാത്ര ചെയ്യാതിരിക്കുക, ഇറക്കം കുറഞ്ഞ പാവാട ധരിക്കാതിരിക്കുക, സഞ്ചരിക്കുന്ന വാഹനത്തിന്റെ ചിത്രമെടുത്തു സുഹൃത്തിനു കൈമാറുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ലഘുലേഖയിലുണ്ട്. വിവിധ സംസ്‌കാരങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ക്ഷേത്രങ്ങളില്‍ പ്രത്യേക വസ്ത്രം ധരിച്ചു മാത്രമേ പ്രവേശിക്കാവൂവെന്നു നിബന്ധനയുണ്ട്. ഇതു മനസ്സിലാക്കിവേണം വിനോദസഞ്ചാരികള്‍ വസ്ത്രധാരണം നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരികളുടെ വസ്ത്രധാരണം ഇങ്ങനെ മാത്രമേ ആകാവൂവെന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നില്ല. രാത്രിയില്‍ തനിച്ചു പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും സുരക്ഷിതരായിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.