കാണ്‍പൂര്‍: ശൗചാലയം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിദ്യാബാലന്‍ അവതരിപ്പിക്കുന്ന പരസ്യം ഉത്തരേന്ത്യയില്‍ ക്ലച്ചുപിടിക്കുന്നു. വരന്റെ വീട്ടില്‍ ശൗചാലയം ഇല്ലാത്തതിന്റെ പേരില്‍ വിവാഹത്തില്‍ നിന്നും യുവതി പിന്മാറിയെന്നതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വാര്‍ത്ത. നേരത്തെയും ശൗചാലയത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് വധു പിന്മാറിയിരുന്നു. വിദ്യാബാലന്‍ മോഡലായുള്ള പരസ്യത്തിലെ സന്ദേശമാണ് പെണ്‍കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഊര്‍ജ്ജം പകര്‍ന്നത്.
വീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ വിവാഹ വേദിയില്‍ വച്ചാണ് യുവതിയുടെ നാടകീയമായ പിന്മാറ്റം. പിന്മാറിയ യുവതി, അതേ വേദിയില്‍ വച്ച് മറ്റൊരു വിവാഹം കഴിച്ചു. വീട്ടില്‍ ശൗചാലയം സ്വന്തമായുള്ള യുവാവിനെയാണ് യുവതി അടുത്ത ദിവസം കല്യാണം ചെയ്തത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമാണ് ഈ നാടകീയസംഭവങ്ങളുണ്ടായത്.
ലഖ്‌നൗ സ്വദേശിനിയാണ് കാണ്‍പൂര്‍ സ്വദേശിയായ യുവാവിനെ വിവാഹവേദിയില്‍ വച്ച് ഒഴിവാക്കിയത്. ശനിയാഴ്ച വിവാഹത്തില്‍ നിന്നും പിന്മാറിയ 25കാരി ഞായറാഴ്ച അതേവേദിയില്‍ മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. ബന്ധുക്കള്‍ മുഴുവനും യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ ശൗചാലയമുള്ളയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടില്‍ യുവതി ഉറച്ചു നില്‍ക്കുകയായിരുന്നു. വീട്ടില്‍ ശൗചാലയം വേണമെന്ന യുവതിയുടെ ആവശ്യം ആദ്യം വരന്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ വിവാഹത്തിന്റെ തലേന്ന് വരെ ഇക്കാര്യം ചെയ്തില്ല. തുടര്‍ന്നാണ് വിവാഹവേദിയില്‍ വച്ച് പരസ്യമായി പെണ്‍കുട്ടി എല്ലാവരേയും ഞെട്ടിച്ച് ഈ വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ചത്.തുടര്‍ന്ന് പ്രദേശവാസികളും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ ശൗചാലയമുള്ള മറ്റൊരാളെ കണ്ടെത്തി പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു.