യാത്രാ മാര്‍ഗമില്ല,പ്രസവവേദനയില്‍ പുളഞ്ഞ യുവതിയെ നാട്ടുകാര്‍ എടുത്തു നടന്നത് കിലോമീറ്ററുകള്‍; ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചു

ഒഡീഷ: ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഒഡീഷയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിയേയും എടുത്ത് നാട്ടുകാര്‍ നടന്നത് കിലോമീറ്റര്‍. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ കുഞ്ഞ് മരിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാകാം കുഞ്ഞ് മരിക്കാന്‍ ഇടയായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒഡീഷയിലെ രായാഗാഥ ജില്ലയിലെ ഫക്കേരിയിലാണ് നിര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. യുവതിയ്ക്ക് പ്രസവവേദന ആരംഭിച്ച ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുന്നും മലയും നിറഞ്ഞ പ്രദേശത്തുകൂടെ നടന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉള്‍ഗ്രാമമായതിനാല്‍ ഇവിടേയ്ക്ക് ഗതാഗത സൗകര്യമില്ല. നാല് കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ അടുത്തുള്ള ആശുപത്രിയിലേക്കോ സ്‌കൂളിലേക്കോ പോകാന്‍ വാഹന സൗകര്യം ഉള്ളൂ.തുടര്‍ന്ന് പിക്ക് അപ്പ് വാനില്‍ യുവതിയെ ബഡ്വാര സഹി വരെ ഗ്രാമവാസികള്‍ എത്തിച്ചു. കല്യാണി നദി കടക്കാന്‍ വീണ്ടും ഇവര്‍ക്ക് യുവതിയെ സ്ട്രക്ച്ചറിലേറ്റി നടക്കേണ്ടി വന്നു. ഈ സമയത്താണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സികാകയെ ഗുരുതരാവസ്ഥയില്‍ കല്യാണ്‍സിങ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.ആധിവാസി മേഖലയായ ഗ്രാമത്തിനടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടെ അസുഖം വന്നാല്‍ ചികിത്സയ്ക്ക് വഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു

Top