നിലവിലുള്ള പത്തക്ക മൊബൈല്‍ നമ്പര്‍ 13 അക്കമുള്ള നമ്പറായി മാറുമെന്ന മാധ്യമ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. എന്നാല്‍ യാഥാര്‍ത്ഥ്ം മറ്റൊന്നാണെന്നാണ് റിപ്പോര്‍ട്ട്. എല്ലാ മൊബൈല്‍ നമ്പരുകളും 13 അക്കത്തിലേക്ക് മാറില്ല എന്നാണ് ഇത് സംബന്ധിക്കുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. തല്‍ക്കാലം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ പരിഭ്രമിക്കേണ്ട.
ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു മെഷീന്‍ ഉപയോക്താക്കളുടെയും മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളാക്കി മാറ്റാനാണ് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ജൂലായ് ഒന്ന് മുതല്‍ 13 അക്ക മെഷീന്‍ റ്റു മെഷീന്‍ നമ്പറുകളാണ് നല്‍കുക. എന്നാല്‍ നിലവിലുള്ള മൊബൈല്‍ഫോണ്‍ ഉപയോക്താക്കളെ ഈ മാറ്റം യാതൊരു വിധത്തിലും ബാധിക്കില്ല.
എന്താണ് മഷീന്‍ ടു മെഷീന്‍ (M2M) ആശയവിനിമയം എന്നത് നമ്മള്‍ മനസിലാക്കിയിരിക്കണം. മൊബൈല്‍ ഫോണുകളല്ലാതെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി മൊബൈല്‍ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുണ്ട്. ഈ ഉപകരണങ്ങള്‍ തമ്മിലുള്ള വിവര വിനിമയത്തെ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയം എന്നാണ് വിളിക്കുന്നത്.
ട്രായ് നിര്‍വ്വചനമനുസരിച്ച്, മനുഷ്യന്റെ ഇടപെടല്‍ നിര്‍ബന്ധമില്ലാത്ത ഒന്നോ അതിലധികമോ ഉപകരണങ്ങള്‍ തമ്മിലുള്ള ഇന്റര്‍നെറ്റ് ആശയവിനിമയമാണ് മെഷീന്‍ റ്റു മെഷീന്‍ സംവിധാനം. മെഷീന്‍ ടൈപ്പ് കമ്മ്യൂണിക്കേഷന്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. വിമാനങ്ങള്‍, കപ്പല്‍, കാറുകള്‍, സൈക്കിളുകള്‍ അങ്ങനെ നിരവധിയിടങ്ങളില്‍ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്.
ഇതിനായി ഉപയോഗിക്കുന്ന സിംകാര്‍ഡുകള്‍ക്കും പത്തക്ക നമ്പറാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇത് 13 നമ്പര്‍ ആക്കി വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ട്രായ് നല്‍കിയിരിക്കുന്നത്. അതായത് ഈ മാറ്റം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ യാതൊരുവിധത്തിലും ബാധിക്കില്ല.
മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയം കാര്യക്ഷമമാക്കാനും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും അതുവഴി സാമ്പത്തിക വികസനം ഉറപ്പാക്കാനുമാണ് സര്‍ക്കാരിന്റെ ഈ നീക്കം.