കിം ജോങ് ഉന്നിന്റെ ശക്തി റഷ്യ, ചൈന, ഇറാൻ, പാക്കിസ്ഥാൻ

ലണ്ടൻ :അമേരിക്കയെ ഞെട്ടിക്കാൻ പ്രാപ്തരായ ഉത്തരകൊറിയയുടെ പിന്നിൽ വാൻ ശക്തികൾ .ഉത്തരകൊറിയയുമായി ഏറ്റവും കൂടുതല്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രാജ്യം റഷ്യയാണ്. ഉത്തരകൊറിയയുടെ മിസൈലുകള്‍ക്ക് റഷ്യന്‍ മിസൈലുകളുമായുള്ള സാമ്യത ഈ ആരോപണത്തെ ഉറപ്പിക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റഷ്യയില്‍ നിന്ന് ലഭിച്ച മിസൈലുകളും സാങ്കേതിക വിദ്യകളുമാണ് ഉത്തരകൊറിയന്‍ മിസൈല്‍ പദ്ധതിയുടെ തന്നെ അടിസ്ഥാനമെന്നാണ് അമേരിക്കന്‍ സഖ്യ രാജ്യങ്ങളുടെ ആരോപണം. ഉത്തരകൊറിയ ജൂലൈ നാലിന് പരീക്ഷിച്ച ഹ്വാസോങ് 14 എന്ന മിസൈലിന്റെ പരിധി 6000 കിലോമീറ്ററാണ്. ഉത്തരകൊറിയന്‍ ആവനാഴിയിലെ ഏറ്റവും ശക്തമായ മിസൈലെന്ന വിശേഷണമുള്ള ഹ്വാസോങ് 14 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്ന ഗണത്തിലാണ് പെടുക. ഹ്വാസോങ് 14ന്റെ മുന്‍ഗാമിയായ ഹ്വാസോങ് 12 മിസൈലുകള്‍ക്ക് സോവിയറ്റ് യൂണിയന്റെ ആര്‍ 27 മിസൈലുകളുമായി സാങ്കേതികമായും രൂപത്തിലുമുള്ള സാമ്യം തള്ളിക്കളയാനാവില്ല.
1968-88 കാലഘട്ടത്തിലാണ് സോവിയറ്റ് യൂണിയന്‍ ആര്‍ 27 മിസൈലുകള്‍ നിര്‍മിച്ചത്. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വന്‍ശക്തി രാജ്യങ്ങളുടെ മാത്രമല്ല ഇന്ത്യയുടേയും ഇസ്രായേലിന്റേയും പോലും പിന്‍നിര മിസൈലുകള്‍ പോലും ആര്‍ 27നേക്കാള്‍ സാങ്കേതികമായി മെച്ചപ്പെട്ടതാണ്. എന്നാല്‍ ഈ ആര്‍ 27 മിസൈലുകളുടെ സാങ്കേതികവിദ്യയില്‍ ഉത്തരകൊറിയന്‍ പ്രതിരോധ വിദഗ്ധര്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയെന്നതാണ് അവരുടെ മിസൈല്‍ സംവിധാനത്തെ പ്രതീക്ഷിക്കുന്നതിലും കരുത്തുള്ളതാക്കി മാറ്റുന്നത്.

ഉത്തരകൊറിയയുടെ ഹ്വാസോങ് 14 മിസൈലുകള്‍ അമേരിക്കയിലെ അലാസ്‌ക, ഹവായ് എന്നീ നഗരങ്ങള്‍ വരെയെത്താന്‍ ശേഷിയുള്ളതാണ്. ഈ മിസൈലുകളില്‍ ആണവായുധങ്ങള്‍ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യകൂടി വശത്തായാല്‍ സാങ്കേതികമായി ഉത്തരകൊറിയന്‍ മിസൈല്‍ ഭീഷണിക്ക് കീഴില്‍ വരുന്ന രാജ്യമായി അമേരിക്ക മാറും. അടുത്തിടെ ഉത്തരകൊറിയ സൈനികമായി വളരെ വേഗത്തില്‍ മുന്നേറുന്നുവെന്നത് ഈ ആശങ്ക അസ്ഥാനത്തല്ലെന്ന് സൂചിപ്പിക്കുന്നതാണ്.kim-tru

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1992ലാണ് ആര്‍ 27 മിസൈലുകള്‍ റഷ്യയില്‍ നിന്നും ഉത്തരകൊറിയയിലെത്തിയതെന്നാണ് കരുതുന്നത്. 1991ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് പിന്നാലെയാണ് കിംങ് ജോങ് ഉന്നിന്റെ അപ്പൂപ്പനായ കിം ഇല്‍ സുങാണ് ഈ മിസൈലുകള്‍ ഉത്തരകൊറിയയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് കരുതുന്നു. 2400 കിലോമീറ്റര്‍ പരിധിയുള്ള അണ്വായുധ ശേഷിയുള്ള മിസൈലുകളാണ് ആര്‍ 27 ഗണത്തില്‍ പെടുന്നത്. അവസാനത്തെ മൂന്ന് തലമുറയിലെ ഭരണകര്‍ത്താക്കളാണ് ഉത്തരകൊറിയന്‍ സൈനിക ശേഷി വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുള്ളത്. ഇതില്‍ തന്നെ ഇപ്പോഴത്തെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ വലിയ തോതില്‍ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ട്.
സോവിയറ്റ് യൂണിയന്‍ തങ്ങളുടെ സഖ്യരാജ്യമായിരുന്ന ഉത്തരകൊറിയക്ക് പരിശീലനവും വിദ്യാഭ്യാസവും വിദഗ്‌ധോപദേശവും ആയുധങ്ങളുമെല്ലാം നല്‍കിയിരുന്നെന്നാണ് കരുതുന്നത്. ഉത്തരകൊറിയന്‍ മിസൈലുകളില്‍ ഭൂരിഭാഗവും 1970കളിലെ സോവിയറ്റ് സ്‌കഡ് മിസൈലുകളുടെ തനിപകര്‍പ്പാണെന്നത് ഈ വാദത്തെ ശരിവെക്കുന്നതാണ്. സോവിയറ്റ് യൂണിയനില്‍ നിന്നും പിന്നീട് റഷ്യയില്‍ നിന്നും ലഭിച്ച ആയുധങ്ങള്‍ തങ്ങളുടേതായ രീതിയില്‍ പരിഷ്‌ക്കരിക്കുന്നതിലും ഉത്തരകൊറിയ വിജയിച്ചിട്ടുണ്ടെന്ന് കരുതുന്നു.
ഉത്തരകൊറിയയുടെ എസ്എല്‍ബിഎം (Submarine-launched ballistic missile) മിസൈലായ പുക്ഗുസോങ് 1 മിസൈലുകള്‍ ചൈനയുടെ മിസൈലുകളുടെ പകര്‍പ്പാണെന്നും ആരോപണമുണ്ട്. അതേസമയം പുക്ഗുസോങ് 1 റഷ്യയുടെ ആര്‍ 27 മിസൈലുകളുടെ തനിപകര്‍പ്പാണെന്നും കരുതുന്ന വിദഗ്ധരുണ്ട്. ചൈനയുമായി ശക്തമായ വ്യാപാരബന്ധമുള്ളപ്പോഴും പ്രതിരോധ രംഗത്ത് ഉത്തരകൊറിയയുമായി ചൈന സഹകരിച്ചിരുന്നില്ലെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ചൈനയുടെ മറ്റൊരു സൈനിക പങ്കാളിയായ പാക്കിസ്ഥാനുമായി തന്ത്രപരമായ ബന്ധം ഉത്തരകൊറിയ കാത്തുസൂക്ഷിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള മിസൈല്‍ സാങ്കേതികവിദ്യ അടക്കമുള്ള പല പ്രതിരോധ സഹായങ്ങളും പാക്കിസ്ഥാന്‍ വഴി ഉത്തരകൊറിയക്ക് ലഭിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഉത്തരകൊറിയക്ക് മേല്‍ യുഎന്‍ ഉപരോധം നിലവില്‍ വന്നതോടെ പാക്കിസ്ഥാന്‍ ഈ ബന്ധത്തില്‍ നിന്നും പതുക്കെ പിന്‍വലിഞ്ഞെന്നാണ് കരുതുന്നത്.

ഇറാനാണ് ഉത്തരകൊറിയയെ സഹായിച്ച മറ്റൊരു പ്രധാന രാജ്യം. ടെഹ്‌റാനില്‍ നിന്നുള്ള പല സാങ്കേതിക സഹായങ്ങളും ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതിയുടെ കരുത്ത് കൂട്ടിയിട്ടുണ്ട്. ഹ്വാസോങ് മിസൈലുകളോട് സാമ്യമുള്ളതാണ് ഇറാന്റെ ഷഹാബ് ശ്രേണിയിലെ മിസൈലുകള്‍. ഉത്തരകൊറിയ വഴി ലഭിച്ച പല ആര്‍ 27 മിസൈല്‍ സാങ്കേതികവിദ്യകളും ഇറാന്റെ സാഫിര്‍, സിംറോഹ് എന്നീ മിസൈലുകളില്‍ ഉപയോഗിച്ചിട്ടുണ്ട്.

Top