തങ്ങളെ തകര്‍ക്കുമെന്ന അമേരിക്കന്‍ യുദ്ധഭീഷണിക്ക് ഉത്തരകൊറിയയുടെ കരുത്തുറ്റ മറുപടി. ഭീഷണി അവസാനിപ്പിക്കുക, അല്ലെങ്കില്‍ ഗുവാമിലുള്ള അമേരിക്കയുടെ സൈനികതാവളം ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് ഉത്തരകൊറിയ നല്‍കിയിരിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് യുദ്ധഭീഷണി മുഴക്കി മണിക്കൂറുകള്‍ക്കു ശേഷമാണ് ഉത്തരകൊറിയയുടെ ഈ മറുപടി.
അമേരിക്ക യുദ്ധഭീഷണി തുടര്‍ന്നാല്‍ ഗുവാമിലെ പസഫിക് അതിര്‍ത്തിയിലുള്ള അമേരിക്കന്‍ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് ഉത്തരകൊറിയ തിരിച്ചടിച്ചിരിക്കുന്നത്.
കൊറിയന്‍ പീപ്പിള്‍സ് ആര്‍മി വക്താവ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെസിഎന്‍എ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
മധ്യദൂര മിസൈലായ ഹാസ്വോങ്-12 ആയിരിക്കും അമേരിക്കന്‍ സൈനിക താവളം തകര്‍ക്കാന്‍ ഉപയോഗിക്കുകയെന്നും കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത് ഭരണാധികാരിയായ കിം ജോങ് ഉന്‍ ആയിരിക്കും. മിസൈല്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അമേരിക്കയുടെ ഭീഷണികള്‍ക്കും പ്രകോപനങ്ങള്‍ക്കും തക്കസമയത്തു തന്നെ മറുപടി നല്‍കിയിരിക്കുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. തങ്ങളെ പ്രതിരോധിക്കാന്‍ ആക്രമണം ആസൂത്രണം ചെയ്യുകയാണ് അമേരിക്ക.
അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ എല്ലാ കരുത്തും ഉപയോഗിച്ച് പോരാടുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി.
മിസൈല്‍ പരീക്ഷണങ്ങളും ആണവ പരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയക്കെതിരെ യുദ്ധം ചെയ്യുമെന്നും രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
ലോകത്തില്‍ ഇതുവരെ ഉണ്ടാകാത്ത വിധത്തിലുള്ള ആക്രമണം നേരിടാന്‍ ഉത്തരകൊറിയ തയ്യാറാകണമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിരുന്നു.