സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമങ്ങളുടെ പരസ്യവരുമാനത്തിൽ 18 ദിവസം കൊണ്ടുണ്ടായത് 50 കോടി രൂപയുടെ നഷ്ടം. മനോരമയ്ക്കും, മാത്രുഭൂമിയ്ക്കും മാത്രം പ്രതിദിനം 15 ലക്ഷം രൂപയ്ക്കടുത്തു നോട്ട് നിരോധനം മൂലം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രമുഖ പരസ്യ ഏജൻസികൾ കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥികളുമായി ചേർന്നു കണ്ടെത്തിയിരിക്കുന്നത്. ചാനലുകൾ അടക്കമുള്ള മറ്റു മാധ്യമങ്ങൾക്കെല്ലാം പ്രതി ദിനം 10 ലക്ഷം രൂപയ്ക്കടുത്തി നഷ്ടമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബർ എട്ടിനു ശേഷമുള്ള ആദ്യ മൂന്നു ദിവസം മലയാള മനോരമയുടെ പരസ്യവരുമാനത്തിൽ അഞ്ചു മുതൽ 12 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായത്. തുടർന്നു ഓരോ ദിവസവും പത്തു ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനത്തിൽ കുറവുണ്ടായി. ആദ്യത്തെ മൂന്നു ദിവസത്തിനു ശേഷമായിരുന്നു തകർച്ചയ്ക്ക് ആക്കം കൂടിയത്. ബാങ്കിൽ നിന്നു പണം പിൻവലിക്കുന്നതിനടക്കം നിയന്ത്രണം ഏർപ്പെടുത്തിയതോടെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന പരസ്യത്തിൽ നിന്നു അൻപതിലധികം വൻകിട കമ്പനികളാണ് വിട്ടു നിന്നത്. ഇതോടെ എല്ലാ മാധ്യമങ്ങളുടെയും പരസ്യവരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായത്.
ഓൺലൈൻ ഷോപ്പിങ് സൈറ്റായ പേടിഎമ്മും, എസ്ബിടിയും എസ്ബിഐയും നാഷണലൈസ്ഡ് ബാങ്കുകളും നൽകിയ പരസ്യങ്ങളായിരുന്നു അന്ന് പത്രങ്ങൾക്കു ലഭിച്ചിരിക്കുന്നത്. ചാനലുകൾക്കാകടക്കെ വാർത്താ വിസ്‌ഭോടനം ഉണ്ടായ സമയത്തു പോലും പരസ്യവരുമാനത്തിൽ വൻ ഇടിവുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൻകിട കോർപ്പറേറ്റുകളിൽ പലരും പരസ്യങ്ങൾ നൽകുന്നതിൽ നിന്നും പിൻമാറുകയും ചെയ്തു.
അടുത്ത മൂന്നു മാസത്തിനിടെ സംസ്ഥാനത്തെ മാധ്യമങ്ങളുടെ പരസ്യവരുമാനത്തിൽ അൻപതു ശതമാനത്തിലധികം ഇടിവുണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. വൻ വ്യവസായികളിൽ പലരും മാധ്യമങ്ങൾക്കു പരസ്യം നൽകാൻ കണക്കിൽപ്പെടാത്ത പണമാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ കണക്കിൽപ്പെടാത്ത പണം ഇനി കുറച്ചുകാലത്തേയ്‌ക്കെങ്കിലും ഉപയോഗിക്കാനാവാത്തത് പര്യവരുമാനത്തെ ഗണ്യമായി ബാധിക്കും. കേരളത്തിലെ ചെറിയ പത്രങ്ങളെയാവും ഇത് കൂടുതൽ ബാധിക്കുക. ചെറുകിട പത്രങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലേയ്ക്കു പോലും ഇത് എത്തിച്ചേരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.