ന്യൂഡല്‍ഹി: 1000-ന്റെയും 500-ന്റെയും കറന്‍സികള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക്. റദ്ദാക്കപ്പെട്ട കറന്‍സികള്‍ മാറ്റിയെടുക്കുന്നതിനായി ബാങ്കുകളില്‍ വന്‍തുക നിക്ഷേപിക്കുന്നവരെത്തേടി ആദായ നികുതി വകുപ്പ് എത്തും. പത്തുലക്ഷത്തിലേറെ നിക്ഷേപിക്കുന്നവര്‍ക്കാണ് അടി കിട്ടുക. വ്യക്തമായ സ്രോതസ് കാണിക്കാനായില്ലെങ്കില്‍ ഇത്തരം വലിയ നിക്ഷേപങ്ങള്‍ക്ക് 200 ശതമാനം പിഴ നികുതി ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഡിസംബര്‍ 30 വരെയുള്ള ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചാണ് കള്ളപ്പണം പൂഴ്ത്തിവച്ചിരുന്നവര്‍ക്ക് കേന്ദ്രം പണി കൊടുക്കുക. എന്നാല്‍ വീട്ടില്‍ പണം സൂക്ഷിച്ചുവച്ചിരുന്ന വീട്ടമ്മമാരുടെയും ചെറുകിട വ്യവസായികളുടെയും തൊഴിലാളികളുടെയും സമ്പാദ്യത്തിന് കോട്ടം തട്ടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. ഒന്നര ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ നിക്ഷേപിക്കുന്നവര്‍ക്ക് അധിക നികുതിഭാരം വരില്ല.
കള്ളപ്പണം പൂഴ്ത്തിവച്ചവര്‍ക്ക് പുറമെ സ്വര്‍ണക്കച്ചവടക്കാരെയാണ് റവന്യൂ വകുപ്പ് നോട്ടമിട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ പാന്‍ വിവരങ്ങള്‍ ശേഖരിക്കാതെ സ്വര്‍ണം വിറ്റവര്‍ക്ക് കടുത്ത തിരിച്ചടി ലഭിക്കും. ഉപഭോക്താക്കളുടെ പാന്‍ നമ്പര്‍ ശേഖരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാതെ വ്യാപാരം നടത്തിയ ജൂവലറിക്കാര്‍ പണം ബാങ്കില്‍ നിക്ഷേപിക്കുമ്പോഴാണ് പിടിവീഴുക. ഉപഭോക്താക്കളുടെ പാന്‍വിവരങ്ങള്‍ ശേഖരിച്ചിരുന്നോ എന്ന കാര്യം പരിശോധിച്ചശേഷമാകും നിക്ഷേപങ്ങളിന്മേല്‍ നടപടിയെടുക്കുക.
പഴയ നോട്ടുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സ്വര്‍ണത്തിന് വിലകൂട്ടി വന്‍തോതില്‍ ജൂവലറിക്കാര്‍ ലാഭമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൈയിലുള്ള 500-ന്റെയും 1000-ന്റെയും നോട്ടുകള്‍ സ്വര്‍ണത്തിലേക്ക് മാറ്റാനെത്തിയവരില്‍നിന്നാണ് ഉയര്‍ന്ന പ്രീമിയം ഈടാക്കി സ്വര്‍ണം നല്‍കിയത്. ഇവരുടെ പാന്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെങ്കില്‍, ഇങ്ങനെ സ്വര്‍ണം വിറ്റുകിട്ടിയ പണം നിക്ഷേപിക്കുമ്പോള്‍ ജൂവലറിക്കാര്‍ക്ക് പിടിവീഴുമെന്ന് റവന്യൂ സെക്രട്ടറി ഹാസ്മുഖ് അഥിയ പറഞ്ഞു.
നികുതി റിട്ടേണില്‍ കാണിക്കാത്ത പത്തുലക്ഷത്തില്‍ കൂടിയ നിക്ഷേപങ്ങളെ നികുതി വെട്ടിപ്പിന്റെ പരിധിയിലാണ് കണക്കാക്കുകയെന്ന് അഥിയ പറഞ്ഞു. ഇത്തരം നിക്ഷേപങ്ങളില്‍ നികുതിയും അതിന് പുറമെ 200 ശതമാനം പിഴയും ഏര്‍പ്പെടുത്തും. ആദായനികുതി വകുപ്പ് 270(എ) പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുക. ഓരോ ബാങ്കിലും ഓരോ ദിവസവും എത്തുന്ന 500, 1000 നോട്ടുകളുടെ വിവരങ്ങള്‍ അതതുദിവസം തന്നെ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ എല്ലാ നോട്ടുകളും തിരിച്ചെത്തിയോ എന്നുറപ്പിക്കാനാണിത്.