വ്യാജന്റെ കുത്തൊഴുക്ക്; നോട്ട് നിരോധനം പാടെ പാളി

ന്യൂഡല്‍ഹി: കള്ളനോട്ട് ഒതുക്കുകയെന്നതായിരുന്നു നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ച ഒരുകാരണം. എന്നാല്‍, 500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പുറത്തിറക്കിയ 2000-ന്റെ നോട്ട് എല്ലാവരും കാണുന്നതിനുമുന്നെ അതിന്റെ കള്ളനോട്ട് വന്‍തോതില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ മുന്‍കരുതലുകള്‍ അധികമില്ലാതെ നിര്‍മ്മിച്ച 2000 നോട്ട്, അതേ നിലവാരത്തോടെ പാക്കിസ്ഥാനില്‍ അച്ചടിക്കുന്നതായാണ് സൂചന. ബംഗ്ലാദേശുവഴി നോട്ട് വന്‍തോതില്‍ ഇന്ത്യയിലേക്ക് എത്താന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

സുരക്ഷ മുന്‍കരുതലുകള്‍ അധികമില്ലാതെയാണ് നോട്ട് നിര്‍മ്മാണമെന്ന് വ്യാപകമായ ആരോപണം ഉണ്ടായിരുന്നു. രണ്ടുമാസത്തിനിടെ അതിന്റെ തനിപ്പകര്‍പ്പായ വ്യാജന്‍ അടിക്കാന്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ സാധിച്ചിട്ടുണ്ടെന്നുള്ളത് കേന്ദ്രത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മാത്രമല്ല, കള്ളനോട്ടുവന്നതോടെ, നോട്ട് അസാധുവാക്കലിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് പരാജയപ്പെടുകയും ചെയ്തു. എന്‍.ഐ.എ.യും ബി.എസ്.എഫും അടുത്തിടെ നടത്തിയ അറസ്റ്റുകളില്‍നിന്നാണ് കള്ളനോട്ടിന്റെ വ്യാപനം തിരിച്ചറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2000-ന്റെ 40 വ്യാജനോട്ടുകളുമായി അസൂസുര്‍ റഹ്മാന്‍ എന്ന പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശി പിടിയിലായതോടെയാണ് കള്ളനോട്ടിന്റെ പ്രചാരം എത്രത്തോളം വ്യാപകമാണെന്ന് അധികൃതര്‍ക്ക് ബോധ്യമായത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് കള്ളനോട്ട് രാജ്യത്തേക്ക് കടക്കുന്നതെന്ന് അറസ്റ്റിലായവരില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.

2000 രൂപയുടെ ഒരു കള്ളനോട്ടിന് 400 മുതല്‍ 600 രൂപവരെയാണ് ഈടാക്കുന്നത്. 2000-ന്റെ യഥാര്‍ഥ നോട്ടുതന്നെ ആളുകള്‍ പരിചയപ്പെട്ടുവരുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ കള്ളനോട്ട് ചെലവാക്കാന്‍ എളുപ്പമാണെന്നതാണ് കടത്തുകാരെ ഈവഴിക്ക് പ്രേരിപ്പിക്കുന്നത്. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയാണ് കള്ളനോട്ട് അച്ചടിക്കും ഒത്താശ ചെയ്തുകൊടുക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
യഥാര്‍ഥ നോട്ടിലെ 17 അതീവ സുരക്ഷാ സവിശേഷതകളില്‍ 11 എണ്ണവും പിടിക്കപ്പെട്ട കള്ളനോട്ടുകളിലുണ്ട്. അതുകൊണ്ടുതന്നെ വിദഗ്ദ്ധര്‍ക്കുപോലും ഒറ്റനോട്ടത്തില്‍ നോട്ട് തിരിച്ചറിയാനാകില്ല. വാട്ടര്‍മാര്‍ക്ക്, അശോക സ്തംഭം, ഗവര്‍ണറുടെ ഉറപ്പ്, ഒപ്പ്, ദേവനാഗരി ലിപിയിലുള്ള അച്ചടി തുടങ്ങിയവയൊക്കെ കള്ളനിലുമുണ്ട്. അതിര്‍ത്തി രക്ഷാസേനയിലുള്‍പ്പെട്ടവര്‍ക്ക് കള്ളനോട്ട് പിടിക്കാനുള്ള പ്രത്യേക പരിശീലനം നല്‍കാനുള്ള കാരണവും ഈ സാദൃശ്യം തന്നെ.

Top