ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരച്ചടിയായി ആര്‍എഎസ് എസ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഇടത്തരം ചെറുകിട വ്യവസായ സംരംഭങ്ങളെ ഗുരുതരമായി ബാധിച്ചെന്ന് ആര്‍എസ്എസ് സര്‍വേയില്‍ 70 ശതമാനം പ്രതികരിച്ചു.
സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ലഘു ഉദ്യോഗ ഭാരതി നടത്തിയ സര്‍വേയില്‍ 69.9 ശതമാനം പേരാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ സാമ്പത്തിക നിയന്ത്രണം ഗുരുതരമായി ബാധിച്ചതായി പ്രതികരിച്ചിരിക്കുന്നത്. അതിനൊപ്പം കടം വീടല്‍ നടപടികളും മന്ദഗതിയിലായതായി 60 ശതമാനം പ്രതികരിച്ചു. ജനപിന്തുണ ഉണ്ടെന്ന സര്‍ക്കാരിന്റെ അഭിപ്രായത്തിന് നേരെ കടകവിരുദ്ധമാണ് സര്‍വേയില്‍ തെളിഞ്ഞ കാര്യങ്ങള്‍. ഇതേ തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ നടപടിയും നോട്ടുകളുടെ ലഭ്യത കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചേക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ 400 ജില്ലകളിലായിരുന്നു ലഘു ഉദ്യോഗ ഭാരതി അംഗങ്ങള്‍ എത്തിയത്. വ്യവസായങ്ങള്‍ പഴയ നില കൈവരിക്കാന്‍ ആറുമാസമെങ്കിലും വേണ്ടി വരുമെന്നും സര്‍വേ പറയുന്നു. നടപടി അഴിമതി ഇല്ലാതാക്കുമെന്ന സര്‍ക്കാരിന്റെ വാദവും സര്‍വേ ഖണ്ഡിച്ചു. നവംബര്‍ 8 ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ അഴിമതി കുറയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു 57 ശതമാനവും പ്രതികരിച്ചത്.
നോട്ട് ഇടപാടുകളില്‍ നിന്നും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറാനുള്ള സര്‍ക്കാരിന്റെ ആഹ്വാനത്തിനും കാര്യമായ സ്വീകാര്യമില്ല. 49.5 ശതമാനവും പറഞ്ഞത് പെട്ടെന്നുള്ള ഒരു മാറ്റം അസാധ്യമാണെന്നായിരുന്നു. ഇത്തരം ഇടപാടുകള്‍ നടപ്പിലാക്കാന്‍ ആറു മാസമെങ്കിലും വേണ്ടി വരുമെന്നായിരുന്നു 33.6 ശതമാനവും പ്രതികരിച്ചത്.