കൊച്ചി: മൂന്നു മാസം മുന്‍പ് കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജ്ജിന്റെ പേരില്‍ ബള്‍ഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിയുടെ പേരില്‍ 55 കോടി രൂപ എത്തിയത്. ജോസ് ജോര്‍ജ്ജിന്റെ പേരില്‍ ഹാര്‍ബറിലുള്ള എസ്ബിഐയുടെ ഓവര്‍സീസ് ബ്രാഞ്ചിലേക്കാണ് പണം എത്തിയത്. ഈ തുകയില്‍ നിന്ന് 29.5 കോടി രൂപ 15 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചിരുന്നു.
ബള്‍ഗേറിയയിലേക്ക് സൂര്യ കാന്തി എണ്ണയും പഞ്ചസാരയും കയറ്റി അയച്ചതിനു ലഭിച്ച പ്രതിഫല തുകയാണ് ഇതെന്ന് ജോസ് ബാങ്ക് അധികൃതരോട് വ്യക്തമാക്കി. എന്നാല്‍ കയറ്റുമതി രേഖകള്‍ പരിശോധിച്ച അധികൃതര്‍ ഈ മറുപടിയില്‍ തൃപ്തരാകാതെ രേഖകള്‍ കൊച്ചി കസ്റ്റംസിന് കൈമാറി. ഇങ്ങനെയൊരു കയറ്റുമതി നടന്നിട്ടില്ലെന്ന് കസ്റ്റംസ് വൈകാതെ തന്നെ മറുപടി നല്‍കി. അതായത് കയറ്റുമതി നടത്താതെ അതിന്റെ പേരില്‍ ഇത്രയും പണം അക്കൗണ്ടില്‍ എത്തിയിരിക്കുന്നു. അതേ സമയം കയറ്റുമതി വൈകിയെങ്കിലും നേരത്തെ പണം കമ്പനി നല്‍കുകയായിരുന്നെന്നാണ് ജോസ് ജോര്‍ജ്ജിന്റെ വിശദീകരണം.
കസ്റ്റംസ് അറിയിച്ചതനുസരിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ജോസിനെ പ്രതിയാക്കി കൊച്ചി പോലീസ് കേസെടുത്തു. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷിച്ചിട്ടും ഇത് വരെ ബള്‍ഗേറിയയിലെ സ്വസ്താ ഡി മറുപടി ഒന്നും നല്‍കിയിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ പ്രമുഖരുടെ ഉള്‍പ്പെടെ വമ്പന്‍ തോക്കുകളുടെ കള്ളപ്പണമാണ് ഇത്തരത്തില്‍ എത്തിയിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിനുള്ള സൂചന.