മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി.തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ. എഴുത്തിന്റെ പെരുന്തച്ചന് വിട നൽകി നാട്, അന്തിമോപചാരം അർപ്പിച്ച് കേരളം

കോഴിക്കോട്: മലയാളത്തിൻ്റെ അക്ഷരലോകത്ത് നികത്താനാവാത്ത വിടവ് തീർത്ത് മഹാനായ എം ടി വാസുദേവൻ നായർക്ക് ഇനി അന്ത്യവിശ്രമം. എം ടി വാസുദേവൻ നായരുടെ സംസ്‌കാരം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ പൂർത്തിയായി.ഔദ്യോഗിക ബഹുമതികളോടെ മതാചാര പ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടന്നത്.വൈകിട്ട് അഞ്ച് മണിയോടെ സ്മൃതിപഥത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. വസതിയായ സിതാരയിൽ നിന്നും വിലാപ യാത്രയായിട്ടാണ് മൃതദേഹം സ്മൃതിപഥത്തിലെത്തിച്ചത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യചടങ്ങുകൾ.

എം ടിയുടെ ആ​ഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. വീട്ടിലെത്തിയാണ് ആളുകൾ എം ടിയെ അവസാനമായി ഒരുനോക്ക് കണ്ടത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പേർ ആശുപത്രി പരിസരത്തും എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാവൂർ റോഡിലെ സ്മൃതിപഥത്തിൽ തലമുറകളെ പ്രചോദിപ്പിക്കുന്നൊരോർമ ദീപമായി എംടി. കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ഒരു രാത്രിയും ഒരു പകലും നീണ്ട പൊതുദർശനം അവസാനിച്ചത് വൈകിട്ട് മൂന്നരയോടെ. പൊതുദർശന തിരക്കും വിലാപയാത്രയിലെ ആൾക്കൂട്ടവും അന്ത്യയാത്രയിൽ ആഗ്രഹിച്ചിരുന്നില്ല എംടി. എങ്കിലും പ്രിയപ്പെട്ടവരുടെ സ്നേഹ സമ്മർദ്ദങ്ങൾക്ക് കുടുംബം വഴങ്ങിയതോടെയാണ് എംടിക്ക് അന്ത്യോപചാരമർപ്പിക്കാൻ ആരാധകർക്കും നാട്ടുകാർക്കും വഴിയൊരുങ്ങിയത്. സഹോദര പുത്രൻ സതീശൻ്റെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതശരീരം വീട്ടിൽ നിന്ന് ഇറക്കുമ്പോഴും പ്രിയ കഥാകാരനെ ഒരു നോക്കു കാണാൻ ആയിരങ്ങൾ വരിയിൽ ബാക്കിയായിരുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽ‌വെളിച്ചവും ആണ് ആദ്യ നോവൽ. പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകള്‍. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷര്‍ലക്, തുടങ്ങി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത നിരവധി കഥകളും എം ടിയുടെ തൂലികയില്‍ പിറന്നു.

സാഹിത്യജീവിതത്തിന്‍റെ തുടര്‍ച്ച തന്നെയായിരുന്നു എംടിയ്ക്ക് സിനിമാജീവിതവും. 1965 ല്‍ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ,​ താഴ്‌വാരം, അക്ഷരങ്ങൾ,ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.

നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ – സംസ്ഥാന പുരസ്‌ക്കാരങ്ങളും രാഷ്‌ട്രപതിയുടെ സ്വർണമെഡലും നിർമ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എത്തി. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകൾക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.

Top