മഹാസഖ്യം തകര്‍ന്നു.. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

പട്‌ന: കോൺഗ്രസിനും മഹാ സംഖ്യത്തിനും കനത്ത തിരിച്ചടി ..  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. സഖ്യകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് രാജി. രാജ്ഭവനിലെത്തി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ട നിതീഷ് അപ്രതീക്ഷിതമായാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ക്കു കൈമാറി. രാജ്ഭവനിലേക്കു പുറപ്പെടും മുന്‍പ് ജെഡിയു എംഎല്‍എമാരുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി. തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് നിതീഷ് കുമാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍.ജെ.ഡി തള്ളുകയാണുണ്ടായത്. ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനമുണ്ടാക്കുന്നതായിരിക്കും നിതീഷിന്റെ രാജി.

മോദി തരംഗത്തെപ്പോലും വെല്ലുവിളിച്ച് ബിഹാറില്‍ അധികാരം പിടിച്ച മഹാസഖ്യത്തിന്റെ സര്‍ക്കാര്‍, രണ്ടുവര്‍ഷം പോലും തികയ്ക്കാതെയാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്. പ്രശ്‌നം രൂക്ഷമായതോടെ പ്രശ്‌ന പരിഹാരത്തിനായി മഹാസഖ്യത്തില്‍ അംഗമായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം നടത്തിയിരുന്നെങ്കിലും, എല്ലാം വൃഥാവിലായെന്ന് വ്യക്തമാക്കുന്നതാണ് നിതീഷിന്റെ രാജി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഹാറിന്റെ താല്‍പ്പര്യം കണക്കിലെടുത്താണ് രാജിയെന്ന് രാജ്ഭവനു പുറത്ത് നിതീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. ബിഹാറിന്റെ നന്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ അപ്രസക്തമായ സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. സഖ്യം തകരാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. തേജസ്വി യാദവ് നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിയോടു ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നും നിതീഷ് വ്യക്തമാക്കി.

തേജസ്വി രാജിവെക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച ലാലു പ്രസാദ് ബിഹാറിലെ മഹാസഖ്യം തുടരുമെന്ന് അറിയിച്ചിരുന്നു. തേജസ്വിയുടെ രാജി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ലാലു പറഞ്ഞത്. ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മഹാസഖ്യം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ലാലു ഉന്നയിച്ചിരുന്നു.

2005 ല്‍ ലാലു കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ടതാണ് ലാലുവിനും റാബ്രിക്കും തേജസ്വിക്കും എതിരായ കേസ്. സി.ബി.ഐ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തത് ബിഹാറിനെ മഹാസഖ്യത്തില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തേജസ്വി രാജിവെക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടതോടെ ആയിരുന്നു ഇത്. എന്നാല്‍ ഈ ആവശ്യത്തെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അനുകൂലിച്ചില്ല. തനിക്ക് മീശ മുളയ്ക്കാത്ത കാലത്ത് നടന്ന അഴിമതിയുടെ പേരിലാണ് കേസെടുത്തിട്ടുള്ളതെന്ന് തേജസ്വി യാദവ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു 2013 ല്‍ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചു എന്‍ഡിഎ വിട്ട നിതീഷ് കുമാര്‍, പഴയ തട്ടകത്തിലേക്കു മടങ്ങുമെന്ന സൂചന ശക്തമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദിനു നിതീഷ് കുമാര്‍ പിന്തുണ പ്രഖ്യാപിച്ചതു ബിജെപിയുമായി അടുക്കാന്‍ മടിയില്ലെന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി അസാധുവാക്കല്‍ നടപടിയെയും നിതീഷ് അനുകൂലിച്ചിരുന്നു.

നിതീഷ് രാജിവച്ച രാഷ്ട്രീയ സാഹചര്യത്തില്‍, ബിജെപി നേതൃയോഗം ഉടന്‍ ചേരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ ബിജെപി പുറത്തുനിന്നു പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുശീല്‍കുമാര്‍ മോദിയെ ഫോണില്‍വിളിച്ച് രാഷ്ട്രീയ സാഹചര്യം വിലയിരുത്തി.

ബിഹാറില്‍ 58 സീറ്റുകളുള്ള എന്‍ഡിഎയുടെ പിന്തുണ ലഭിച്ചാല്‍ നിതീഷിന് വീണ്ടും ഭരണം പിടിക്കാവുന്നതേയുള്ളൂ. ആകെ 243 സീറ്റുകളുള്ള ബിഹാറില്‍, കേവലഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റുകളാണ്. ജെഡിയുവിന് നിലവില്‍ 71 അംഗളാണുള്ളത്. എന്‍ഡിഎയുടെ 58 അംഗങ്ങളുടെ പിന്തുണകൂടി ലഭിച്ചാല്‍ നിതീഷിന് 129 പേരുടെ പിന്തുണയോടെ അധികാരം തിരിച്ചുപിടിക്കാം.

Top