പറ്റ്‌ന: നികുതി കുടിശ്ശികയടക്കാന്‍ ഹനുമാന് നോട്ടീസ്. ബീഹാറിലെ ബഠീ മത്യാഇ പട്ടണത്തില്‍ ഹനുമാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു സ്വത്തുക്കള്‍ക്ക് 4.33 ലക്ഷം രൂപ നികുതി അടക്കാത്തതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ് അയച്ചത്. ഹനുമാന്റെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത് ഇതാദ്യമായല്ല എന്നതാണ് രസകരം. നേരത്തെയും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഫിബ്രവരിയില്‍, ഹനുമാനോട് നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രോഹ്താസിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് നോട്ടീസ് അയച്ചിരുന്നു. പൊതുസ്ഥലം കൈയേറിയെന്ന പൊതുമരാമത്ത് വകുപ്പിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു നോട്ടീസ്.
കെട്ടിട ഉടമസ്ഥന്റെ പേരില്‍ നോട്ടീസ് അയക്കുകയെന്ന നടപടിക്രമത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം.നഗരസഭാ രേഖകള്‍ പ്രകാരം അരാ നഗരത്തില്‍ മൂന്നിടത്താണ് ഹനുമാന്റെ ഉടമസ്ഥതയില്‍ വസ്തുക്കളുള്ളത്. നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അരാ നഗരസഭാ ഉദ്യോഗസ്ഥര്‍ രണ്ടുതവണ ക്ഷേത്രം അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.
കൂടാതെ ലോഹിയാ നഗറില്‍ വഴിയരികില്‍ ക്ഷേത്രം നിര്‍മിച്ചതിന് ബജ്രംഗ് ബലി (ഹനുമാന്റെ മറ്റൊരു പേര്) യ്‌ക്കെതിരേ ബെഗുസാരി ജില്ലാ അധികൃതര്‍ നോട്ടീസ് അയച്ചത് വിവാദത്തിനു വഴിവച്ചിരുന്നു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് നോട്ടീസ് പിന്‍വലിക്കുകയായിരുന്നു.