തുത്തുക്കുടി :: കായംകുളത്തെ നൗഷാദിന്റേത് അപകടമരണമെന്ന് തമിഴ്‌നാട് പൊലീസിന്റെ സ്ഥിരീകരണം. വാഹനം ഓടിച്ചിരുന്ന നൗഷാദ് ഉറങ്ങിയതാകാം ദുരന്തമുണ്ടാക്കിയതെന്നാണ് കൈതാര്‍ പൊലീസിന്റെ നിഗമനം . മരണത്തിനിടയാക്കിയ അപകടം നടന്നത് തിരുനെല്‍വേലിയിലല്ല മറിച്ച് തൂത്തുക്കുടിയില്‍ വെച്ചാണെന്നും പോലീസ് വിശ്ദീകരണം . അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഉയരുന്ന വാദങ്ങള്‍ പരിശോധിക്കുമെന്നും കൈതാര്‍ പൊലീസ് വ്യക്തമാക്കി. കായംകുളം പൊലീസുമായി ഇതു സംബന്ധിച്ച ആശയ വിനിമയം തമിഴ്‌നാട് പൊലീസ് നടത്തുന്നുണ്ട് .
Also Read : കഴുത്തറപ്പന്‍ വിലക്കെതിരെ പ്രതികരിച്ച പച്ചക്കറി കച്ചവടക്കാരന്റെ മരണത്തില്‍ ദുരൂഹത.കഴുത്തറപ്പന്മാര്‍ക്കെതിരെ ഫേസ്‌ബുക്കിലൂടെ ലൈവ് സംപ്രേഷണം നടത്തിയ നൗഷാദ് തിരുനെല്‍വേലിയില്‍ വച്ച് അപകടത്തില്‍ മരിച്ചു
തിങ്കളാഴ്ച ഇളയമകള്‍ ഹന്നയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച ശേഷം ഇന്നലെ പുലര്‍ച്ചെ പച്ചക്കറിയെടുത്ത് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് നൗഷാദ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നത് ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പഴവര്‍ഗങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്കു വിറ്റതിനു കച്ചവടക്കാര്‍ നൗഷാദിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വില്‍ക്കുന്നവരാണ് കേസ് കൊടുത്തതെന്ന നൗഷാദിന്റെ ഫേസ്‌ബുക്ക് പ്രതികരണം നേരത്തെ വൈറലായിരുന്നു. ആര് കേസ് കൊടുത്താലും വില കുറച്ചേ വില്‍ക്കൂ എന്ന പോസ്റ്റ് 13 ലക്ഷത്തോളം പേരാണ് കണ്ടത്.നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരൂഹതകളുണ്ടോ എന്ന ചോദ്യത്തിന് കായംകുളം പൊലീസില്‍ നിന്ന് ലഭിച്ച മറുപടി ഇല്ല എന്നായിരുന്നു. മുന്‍പ് പല പ്രശ്‌നങ്ങളും നിലനിന്നിരുന്നെങ്കിലും ഇത് ശരിക്കും അപകട മരണമാണെന്ന വിലയിരുത്തലാണ് കായംകുളം പൊലീസിനുള്ളത്. നൗഷാദിന്റെയും സുഹൃത്തിന്റേയും മൃതശരീരങ്ങള്‍ ഏറ്റ് വാങ്ങുന്നതിനായി ബന്ധുക്കള്‍ തുത്തുക്കുടിയിലേക്ക് പോയി. അതേസമയം നൗഷാദിന്റെ മരണവാര്‍ത്തയറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലുള്‍പ്പടെ അനുശോചന പ്രവാഹമാണ്. മകളുടെ പിറന്നാളിന് ആശംസകള്‍ അറിയിച്ചതിന് പിന്നാലെ നൗഷാദിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ടി വന്നതിലെ വിഷമമാണ് നൗഷാദിന്റെ ഫേസ്‌ബുക്ക് സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്നത്.
നൗഷാദ് ആന്‍ഡ് കമ്പനിയെന്നാണ് കായംകുളം മാര്‍ക്കറ്റിലെ ഇയാളുടെ സ്ഥാപനത്തിന്റെ പേര്. കൊള്ളലാഭം തനിക്ക് വേണ്ട, എല്ലാം ഒറ്റയ്ക്ക് തിന്നണമെന്ന് വാശിയുള്ള ചില കച്ചവടക്കാര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്നിങ്ങനെയാണ് നൗഷാദ് വീഡിയോയില്‍ പറയുന്നത്. വിലകുറച്ച് വില്‍ക്കുന്ന നൗഷാദിനെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ കച്ചവടം തുടങ്ങണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. കൊള്ളലാഭം കൊയ്ത് നാട്ടുകാരെ പറ്റിക്കുന്ന കച്ചവടക്കാര്‍ നൗഷാദ് ഒരു പാഠമ്ാണെന്ന വിലയിരുത്തലാണ് നിലനിന്നിരുന്നത്.ഇതോടെ കായംകുളം മാര്‍ക്കറ്റില്‍ നൗഷാദിന്റെ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇതിനിടെയാണ് ദുരൂഹതകള്‍ ബാക്കിയാക്കികൊണ്ട് നൗഷാദിന്റെ അപകട മരണ വിവരം എത്തുന്നത്.
വെറുമൊരു കച്ചവടക്കാരനായിരുന്നില്ല നൗഷാദ്. സോഷ്യല്‍ മീഡിയയുടെ സാധ്യത തിരിച്ചറിഞ്ഞ സാധാരണക്കാരന്‍. അതിലൂടെ നിരന്തരം ആശയ സംവാദം നടത്തി. വിപണിയിലെ ചതിയും കളവും തുറന്നു കാട്ടി. ഇതിനൊപ്പം സാമൂഹിക മേഖലയിലും സജീവമായി. തന്റെ കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ചെറിയ ലാഭവും നൗഷാദ് പൂര്‍ണ്ണമായും വീട്ടില്‍ കൊണ്ടു പോയില്ല. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സാധനങ്ങളുമായി അശരണര്‍ക്ക് താങ്ങാവാനും എത്തി. പത്തനാപുരം ഗാന്ധി ഭവനും ചില അനാഥാലയങ്ങളിലുമെല്ലാം ഓറഞ്ചും ആപ്പിളുമായി അന്തേവാസികളുടെ വേദന പങ്കുവയ്ക്കാന്‍ നൗഷാദ് എത്തുമായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മനുഷ്യസ്‌നേഹിയായിരുന്നു നൗഷാദ്.
അതുകൊണ്ട് തന്നെയാണ് ഈ വിടവാങ്ങല്‍ മനുഷ്യസ്‌നേഹികള്‍ക്ക് മൊത്തം വേദനയാകുന്നതും.എല്ലാവരേയും പ്രത്യേക രീതിയില്‍ തന്റെ കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കച്ചവടം. തമിഴിലും മലയാളത്തിലും എല്ലാം അനൗണ്‍സ്‌മെന്റ്. കൊള്ളയ്ക്കും പൂഴ്‌ത്തിവയ്‌പ്പിന് എതിരെ മൈക്കിലൂടെ സംസാരിക്കും. ഓണത്തിനും റംസാനും വരെ ആളുകളെ പിഴിയുന്നവര്‍ക്കെതിരെ അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന തരത്തില്‍ ഞാന്‍ ചെയ്യും. ഒരു കിലോ വെള്ളരിയുടെ ഇരുപത് രൂപ… അങ്ങനെ ഓരോ സാധനത്തിന്റേയും വില മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്തുമായിരുന്നു കച്ചവടം.