വിഎസിനെ മുഖ്യകഥാപാത്രമാക്കിയ നോവല്‍ എഴുത്തുകാരന്‍ പിന്‍വലിച്ചു; സര്‍ഗജീവീതത്തിലെ പിഴച്ചുപോയ വാക്കുകളെന്ന് പി സുരേന്ദ്രന്‍

കോഴിക്കോട്: മലയാളത്തില്‍ ആദ്യമായി എഴുത്തുകാരന്‍ സ്വന്തം കൃതി പിന്‍വലിച്ചു. വിഎസിനെ മുഖ്യകഥാപാത്രമായി അവതരിപ്പിച്ച നോവല്‍ ഗ്രീഷ്മമാപിനി എന്ന കൃതിയാണ് എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പിന്‍വലിച്ചത്.
പ്രസാധകരായ ഡിസി ബുക്സ് മൂന്ന് പതിപ്പുകള്‍ പുറത്തിറക്കിയതാണ് ഗ്രീഷ്മമാപിനി. നോവല്‍ അതിന്റെ രചനാപരമായ സവിശേഷതയോടെ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഒരു നോവല്‍ എന്ന് മാത്രമായി പരിമിതപ്പെട്ടുപോയതുകൊണ്ടുമാണ് പിന്‍വലിക്കുന്നതെന്നും പി സുരേന്ദ്രന്‍ പറഞ്ഞു.  സര്‍ഗജീവീതത്തിലെ പിഴച്ചുപോയ വാക്കുകളാണ് അത്. ആ അബദ്ധം തിരിച്ചറിഞ്ഞ് തിരുത്തുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ സികെ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചു എന്നതായിരുന്നു ഗ്രീഷ്മമാപിനിയുടെ വിശേഷണം. നോവലിന്റെ പുറംചട്ടയില്‍തന്നെ പ്രസാധകര്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. വിഎസിനെ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നില്ല നോവലെങ്കിലും വിഎസിന്റെ ജീവിതവും പ്രവര്‍ത്തനവും അതില്‍ പ്രതിഫലിച്ചിരുന്നുവെന്ന് പി സുരേന്ദ്രന്‍ പറഞ്ഞു. വിഎസിനെ കുറിച്ച് അന്നുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ കുറഞ്ഞതും പുസ്തകം പിന്‍വലിക്കുന്നതിനുള്ള കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുപ്പതിലധികം കൃതികള്‍ എഴുതിയ പി സുരേന്ദ്രന്റെ ‘ചൈനീസ് മാര്‍ക്കറ്റ്’ എന്ന കൃതിക്ക് ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെയും കേരള ലളിതകലാ അക്കാദമിയുടെയും വിവിധ സംഘടനകളുടെയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് പതിപ്പുകള്‍ ഇറങ്ങിയ ഗ്രീഷ്ണമാപിനിയുടെ പുതിയ പതിപ്പ് ഇറക്കേണ്ടതില്ലെന്ന് പ്രസാധകരായ ഡിസി ബുക്സിനെ പി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.
പ്രമേയപരമായി മാത്രം കൃതികള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയാണ് മലയാളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആഖ്യാന വൈവിധ്യത്തെ ഒരുതലത്തിലും പരിഗണിക്കുന്നില്ല. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി കഥപോലും അതിന്റെ ആഖ്യാന സവിശേഷത ചര്‍ച്ചചെയ്യാതെ പ്രമേയത്തെ മാത്രം ഉള്ളടക്കമാക്കിയുള്ള ചര്‍ച്ചകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Top