ന്യൂഡല്‍ഹി :പ്രവാസികൾ വെറും കറവപശുക്കളേ പോലെ എന്ന ചിന്തക്ക് മാറ്റം വരുന്നു. രാജ്യത്തിന്റെ ഭരണാധികരികളെ തിരഞ്ഞെടുക്കാൻ പ്രവാസിക്കും അവസരം .പ്രവാസികള്‍ക്കും പകരക്കാരനെ വെച്ച് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചേക്കുമെന്ന് സൂചന . പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്ന്കേന്ദ്ര സര്‍ക്കാര്‍ തീരുമാനം .സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് പ്രവാസി വോട്ടിനായുള്ള ബില്ല് രാജ്യസഭ പാസാക്കിയിരുന്നു. ശീതകാല സമ്മേളനത്തില്‍ ഇത് ലോക്‌സഭ കൂടി പാസാക്കിയാല്‍ പിന്നെ മറ്റ് തടസങ്ങളില്ല. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്കും വോട്ട് ചെയ്യാന്‍ കഴിയും.
പകരക്കാരന്‍ വഴിയായിരിക്കും പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. നാഷണല്‍ വോട്ടേഴ്‌സ് പോര്‍ട്ടല്‍ വഴി പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാം.
എന്താണ് പ്രോക്സി വോട്ട്? പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്
വോട്ടർ പട്ടികയിലുള്ള പ്രവാസിയുടെ അതേ മണ്ഡലത്തിലുള്ള, വോട്ടർ പട്ടികയിൽ പേരുള്ള, പ്രവാസി നിയോഗിക്കുന്ന പ്രതിനിധിക്കാണ് വോട്ട് ചെയ്യാനാകുക.ഒരു തവണ നിയോഗിക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.
പ്രോക്സി വോട്ടിന്റെ പേരിൽ ആർക്കും ചാടിക്കയറി പ്രവാസിയുടെ പേരിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസം നാട്ടിലുണ്ടാകില്ലെന്ന് ഉറപ്പായ പ്രവാസി ഇതിനു മാസങ്ങൾക്ക് മുൻപേ റിട്ടേണിങ് ഓഫീസർക്ക് പ്രതിനിധിയാരെന്ന് വ്യക്തമാക്കി പ്രോക്സി വോട്ടിന് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നൽകണം.പ്രവാസി അപേക്ഷയോടൊപ്പം നിർദേശിച്ചിട്ടുള്ള വ്യക്തിക്ക് മാത്രമേ അദ്ദേഹത്തിന്റെ പ്രതിനിധിയായി വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയുള്ളു. അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള പ്രതിനിധിക്ക് പകരം ആരു വന്നാലും വോട്ട് ചെയ്യാൻ അവസരം ലഭിക്കില്ല.
വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും ശരാശരി പതിനായിരം മുതൽ പന്ത്രണ്ടായിരം വരെ പ്രവാസികൾ മാത്രമേ വോട്ട് ചെയ്യാനായി നാട്ടിലെത്തുന്നുള്ളു. യാത്രയ്ക്കായി വേണ്ടിവരുന്ന ഭീമമായ തുകയാണ് പ്രവാസികളെ വോട്ടെടുപ്പിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
പ്രോക്സി വോട്ട് നിലവിൽ വന്നാൽ വിദേശ രാജ്യങ്ങളിലുള്ള പോഷക സംഘടനകളുടെ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനും, രേഖകൾ ശരിയാക്കുന്നതിനും പ്രവാസികൾക്ക് സഹായം നൽകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങുമെന്നും തീർച്ചയാണ്.നിലവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വരെ പ്രവാസികളെ ചാർട്ട് ചെയ്ത വിമാനങ്ങളിലെത്തിക്കുന്ന സ്ഥിതിയുണ്ട്. പ്രോക്സി വോട്ട് പ്രാബല്യത്തിൽ വരുന്നതോടെ ഗൾഫിൽ നിന്നം പ്രവാസികളെ നാട്ടിലെത്തിക്കേണ്ടതില്ല.