ന്യുഡൽഹി :വിദേശ ഇന്ത്യക്കാര്‍ സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ പാസ്പോർട്ട് നഷ്ടമാകും .പ്രവാസിയായ നിങ്ങൾ ഭാര്യയെ ഉപദ്രവിക്കാറുണ്ടോ? അല്ലെങ്കില്‍ അവളെ ഉപേക്ഷിച്ചതാണോ? എങ്കില്‍ കരുതിയിരുന്നുകൊള്ളുക, ചിലപ്പോള്‍ പാസ്‌പോര്‍ട്ട് നഷ്ടമായേക്കും. ഇതു സംബന്ധച്ച ഉന്നതതല സമിതി ശുപാര്‍ശകള്‍ കേന്ദ്ര ഗവണ്മെന്റിനു സമര്‍പ്പിച്ചുകഴിഞ്ഞു. അതിനി അംഗീകരിക്കേണ്ട താമസമേയുള്ളു. പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ തങ്ങളെ ഉപേക്ഷിച്ചുപോയതായി നിരവധി സ്ത്രീകള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം പഠിക്കുന്നതിനും നിയമപരവും ഭരണപരവുമായുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി കേന്ദ്ര ഗവണ്മെന്റ് ഉന്നതതല സമിതിയെ മേയില്‍ നിയോഗിച്ചത്. കുറ്റവാളികളെ വിട്ടുകിട്ടുന്നതിനു മറ്റു രാജ്യങ്ങളുമായുണ്ടാക്കിയിട്ടുള്ള ഉടമ്പടികളില്‍ (എക്‌സ്ട്രഡിഷന്‍ ട്രീറ്റി) ഗാര്‍ഹിക പീഡനകുറ്റങ്ങളും ഉള്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അങ്ങനെ ഉള്‍പ്പെടുത്തുന്നപക്ഷം ഭാര്യയെ ഉപേക്ഷിക്കല്‍, ഗാര്‍ഹികപീഡനം, സ്ത്രീധനത്തിന്റെ പേരിലുള്ള ഉപദ്രവങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ വിചാരണ ചെയ്യപ്പെടുന്നതില്‍നിന്നും രക്ഷപ്പെടാന്‍ എന്‍ ആര്‍ ഐകളായ ഭര്‍ത്താക്കന്മാര്‍ക്കു കഴിയില്ല.
ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ ഗവണ്മെന്റ് അംഗീകരിക്കുമെന്നാണ് വനിതാ ശിശു വികസന മന്ത്രാലയം പറയുന്നത്. ഇക്കാര്യത്തില്‍ വിദേശമന്ത്രാലയവുമായി യോജിച്ചായിരിക്കും പ്രവര്‍ത്തിക്കുക. വിദേശമന്ത്രി സുഷമ സ്വരാജ്, വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധി എന്നിവര്‍ എന്‍ ആര്‍ ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച പല സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. റിട്ടയേഡ് ജഡ്ജി അരവിന്ദ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലായിരുന്നു 9 അംഗ സമിതി പ്രവര്‍ത്തിച്ചത്. എന്‍ ആര്‍ ഐ ആയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി ലഭിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് ശുപാര്‍ശ. പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്ന പക്ഷം, ഭര്‍ത്താവ് ഇന്ത്യയിലാണെങ്കില്‍ കേസ് തീര്‍പ്പാക്കുംവരെ വിദേശത്തേക്ക് പോകാന്‍ കഴിയില്ല. വിദേശത്താണ് കഴിയുന്നതെങ്കില്‍ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യും. എന്‍ ആര്‍ ഐ ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്, ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലോ, അല്ലെങ്കില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമോ കണ്ടുകെട്ടാവുന്നതാണെന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമത്തിലെ 10(3) വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതേപ്പറ്റി വേണ്ടത്ര അറിവില്ലാത്തതിനാലോ അല്ലെങ്കില്‍ അതിലുള്‍പ്പെട്ടിട്ടുള്ള നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണതകളാലോ പലപ്പോഴും അതിനു മുതിരാറില്ല. വിദേശങ്ങളില്‍ കഴിയുന്ന അത്തരം സ്ത്രീകള്‍ക്ക് ഇന്ത്യന്‍ നയതന്ത്രാലയങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സഹായമായ 3,000 ഡോളര്‍ 6,000 ഡോളറായി ഉയര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വിദേശത്തു കൗണ്‍സലിങ്ങും നിയമസഹായങ്ങളും ലഭ്യമാക്കുന്നതിനായാണ് അത് നല്‍കുന്നത്.
പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ക്കെതിരെ 2014ല്‍ മാത്രം 346 പരാതികളാണ് ദേശീയ വനിതാ കമ്മീഷന് ലഭിച്ചത്. വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴില്‍ സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒന്നാണ് ദേശീയ വനിതാ കമ്മീഷന്‍. പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ച് യാത്ര ചെയ്യുന്നതില്‍നിന്നും സ്ത്രീകളെ വിലക്കുക, ഇന്ത്യയിലെത്തി സ്ത്രീകളെ വിവാഹം കഴിച്ചശേഷം അപ്രത്യക്ഷരാകുക, വിദേശ രാജ്യങ്ങളില്‍ ഉപേക്ഷിക്കുക, കുട്ടികളെ അമ്മയുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ വിദേശത്തുതന്നെ വളര്‍ത്തുക തുടങ്ങിയ പരാതികളാണ് കൂടുതലും ലഭിക്കുന്നത്. പരാതികള്‍ ഉന്നയിക്കാന്‍ മുന്നോട്ടുവരുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നും അതിനാല്‍ ലഭിച്ച പരാതികളുടെ എണ്ണം യഥാര്‍ത്ഥ സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ ആര്‍ ഐ കളുടെ 10 വിവാഹങ്ങളില്‍ രണ്ടുവീതം മധുവിധുകാലം കഴിഞ്ഞാല്‍ ഭാര്യയെ ഉപേക്ഷിക്കുന്നതിലാണ് കലാശിക്കുന്നതെന്ന് ഗിരിജ വ്യാസ് അധ്യക്ഷയായിരുന്നപ്പോള്‍ 2009ല്‍ ദേശീയ വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു കേന്ദ്ര നിയമം നിലവില്‍ വരുന്നതുവരെ എല്ലാ വിവാഹങ്ങളും, പ്രത്യേകിച്ചും എന്‍ ആര്‍ ഐകള്‍ ഉള്‍പ്പെട്ട വിവാഹങ്ങള്‍ സംസ്ഥാനങ്ങള്‍ നിര്‍ബ്ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ശുപാര്‍ശയിലുണ്ട്. പാസ്‌പോര്‍ട്ട് നമ്പര്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ഔദ്യോഗിക മേല്‍വിലാസം, വാസസ്ഥലത്തിന്റെ മേല്‍വിലാസം തുടങ്ങി എല്ലാ വിശദവിവരങ്ങളും എന്‍ ആര്‍ ഐക്കാരനായ വരന്‍ രേഖപ്പെടുത്തിയ ശേഷം മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും നിഷ്‌ക്കര്ഷിച്ചിട്ടുണ്ട്. പഞ്ചാബില്‍ ഇപ്പോള്‍ത്തന്നെ ഈ സംവിധാനം നിലവിലുണ്ട്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ദേശീയ വനിതാ കമ്മീഷനൊപ്പംതന്നെ ഒരു ദേശീയ സംവിധാനത്തിന് വനിതാ ശിശു വികസന മന്ത്രാലയവും വിദേശ മന്ത്രാലയവും സംയുക്തമായി രൂപം നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്.