കാമുകനെ സ്വന്തമാക്കാന്‍ സെക്‌സ് റാക്കറ്റില്‍ പ്രവര്‍ത്തിച്ച എന്‍ആര്‍ഐ യുവതി അറസ്റ്റില്‍

ജയ്പ്പൂര്‍ :ജയ്പൂരില്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് നിരവധി പേരില്‍നിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ ഇരുപത്തിയാറുകാരിയായ എന്‍ആര്‍ഐ യുവതി അറസ്റ്റില്‍. ഹോങ്‌കോങില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ രവ്‌നീത് കൗറാണ് രാജസ്ഥാന്‍ പൊലീസിന്റെ പിടിയിലായത്. സമ്പന്നരായ ഡോക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, ജ്വല്ലറി, റിസോര്‍ട്ട് ഉടമകള്‍ എന്നിവരുമായി ചങ്ങാത്തം ഉണ്ടാക്കിയ ശേഷം സെക്‌സ് റാക്കറ്റിനെ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു രവ്‌നീത്. പണം നല്‍കിയില്ലെങ്കില്‍ മാനഭംഗക്കേസ് നല്‍കുമെന്നു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത്. ലൈംഗികാരോപണത്തില്‍ അകപ്പെട്ട് സമൂഹത്തിലുള്ള സല്‍പ്പേര് കളങ്കപ്പെടാതിരിക്കാന്‍ മിക്കവരും പണം നല്‍കി തടിയൂരുകയാണ് ചെയ്തിരുന്നത്. കാമുകനെത്തന്നെ വിവാഹം കഴിക്കാന്‍ പണം സമ്പാദിക്കുന്നതിനു വേണ്ടിയാണ് രവ്‌നീത് ആളുകളെ ഹണിട്രാപ്പില്‍ കുടുക്കിയിരുന്നത്.
ഹോങ്‌കോങില്‍ ജനിച്ച രവ്‌നീത് കൗര്‍ പഞ്ചാബിലെ മുത്തശിയുടെ അടുത്തു താമസിക്കാനാണ് ഇന്ത്യയിലെത്തിയത്. ഗുഡ്ഗാവില്‍ മാനേജ്‌മെന്റ് കോഴ്‌സിനു ചേര്‍ന്ന രവ്‌നീത്, എംബിഎയ്ക്കു പഠിക്കുന്ന രോഹിത് ശര്‍മ എന്ന യുവാവുമായി പ്രണയത്തിലായി. രോഹിതിന്റെ കുടുംബം എതിര്‍ത്തതിനാല്‍ വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല. രോഹിതിന്റെ മാതാവ് തള്ളിപ്പറഞ്ഞതില്‍ മനംനൊന്ത് എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് താന്‍ സെക്‌സ് റാക്കറ്റുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതെന്ന് രവ്‌നീത് പൊലീസിനോടു പറഞ്ഞു. മാസം 12,000 രൂപ ശമ്പളത്തിനാണ് അക്ഷത് ശര്‍മ എന്നയാളിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായി രവ്‌നീത് പ്രവര്‍ത്തിച്ചത്. രവ്‌നീതിനെ നന്നായി ഉപയോഗിക്കാന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞ സംഘം സമ്പന്നരായ ആളുകള്‍ക്കടുത്തേക്ക് അവരെ അയയ്ക്കുകയായിരുന്നു.
ആദ്യമായി ഒരു ബില്‍ഡറില്‍നിന്ന് ഭീഷണിപ്പെടുത്തി 1.2 കോടി രൂപ സംഘം തട്ടിയെടുത്തു. ഇതില്‍നിന്ന് 30 ലക്ഷം രൂപ കമ്മിഷനായി രവ്‌നീതിനു നല്‍കി. തുടര്‍ന്ന് ആറോളം പേരില്‍നിന്ന് സമാനമായി ഒരു കോടി രൂപയോളം രവ്‌നീത് സമ്പാദിച്ചു. പിന്നീട് ഈ പണത്തിന്റെ പിന്‍ബലത്തില്‍ കാമുകനായ രോഹിതിനെ തന്നെ വിവാഹം കഴിക്കാനും രവ്‌നീതിനു കഴിഞ്ഞു. കാമുകിയുടെ ഇടപാടുകളെക്കുറിച്ച് രോഹിതിന് അറിവുണ്ടായിരുന്നില്ല. വിവാഹത്തിനു ശേഷം ഇടപാടുകള്‍ അവസാനിപ്പിച്ച് സ്വസ്ഥമായി കുടുംബജീവിതം നയിക്കാനാണ് രവ്‌നീത് കൊതിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് രോഹിതിനു വിലയേറിയ സമ്മാനങ്ങള്‍ രവ്‌നീത് വാങ്ങിനല്‍കിയിരുന്നു. താന്‍ നന്നായി സമ്പാദിക്കുന്നുണ്ടെന്നു രോഹിതിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാണ് രവ്‌നീത് ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

Top