പി.പി ചെറിയാൻ
ഹൂസ്റ്റൺ: ഇന്ത്യൻ കോൺസുൽ ജനറലായി ഹൂസ്റ്റണിൽ ചുമതലയേറ്റ ഡോ.അനുപം റേയ്ക്കു ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗൺസിൽ സ്വീകരണം നൽകി. ഐഎഎഫ്സി പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടക്കുറയുടെ അധ്യക്ഷതയിൽ മെയ് 13 വെള്ളിയാഴ്ച നടന്ന സ്വീകരണത്തിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ടയ്മ്പ് കുണ്ടൻവാല സ്വാഗതം ആശംസിച്ചു.
മാതൃരാജ്യമായ ഇന്ത്യയുടെ പുരോഗതിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രാദേശിക തലത്തിൽ നടത്തുന്ന സേവനങ്ങളെക്കുറിച്ചും പ്രസാദ് തോട്ടകുന്നം അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഡാള്ളസ് ഫോർട്ട് വർത്ത് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി നിർമ്മിച്ച മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസ, അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഗാന്ധിമെമ്മോറിയൽ സന്ദർശിക്കുന്നതിനും അനുപം റേയേ എംജിഎം എൻടി ചെയർമാൻ കൂടിയായ ഡോ.പ്രസാദ് ക്ഷണിച്ചു.
പ്രവാസി സമൂഹം ഇന്ത്യൻ സമ്പദ് ഘടനയുടെ വളർച്ചയിൽ വഹിക്കുന്ന പങ്കിനെ കോൺസുൽ ജനറൽ പ്രത്യേകം അഭിനന്ദിച്ചു. ഇദ്ദേഹം ഗാന്ധിമെമ്മോറിയൽ പാർക്ക് സന്ദർശിക്കുന്നതിനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തു. 1994 ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരുന്നതിനു മുമ്പു ന്യൂറോ സർജറി റെസിഡന്റായിരുന്ന അനുപം ബംഗ്ലാദേശ്, ശ്രീലങ്ക, ന്യൂയോർക്ക് യുഎൻ സെക്യൂരിറ്റി കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ജർമ്മൻ, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന റേയുടെ സേവനം ഹൂസ്റ്റൺ കോൺസുൽ ജനറൽ ഓഫിസ് പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്കു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നതായി നേതാക്കൾ പറഞ്ഞു.